പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രപരിസരത്തെ ഖനനം നടത്താന് സംസ്ഥാന സർക്കാരിന് അനുവാദം നൽകിയ കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി. ആർ ഗവായ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ ആരിൽ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന ആരോപണത്തിന്, വേണ്ട അനുമതികൾ നേടിയിട്ടുണ്ടെന്ന ഉത്തരമാണ് ഒഡീഷ സർക്കാർ നൽകുന്നത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷ സർക്കാർ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്ത് അനധികൃത ഖനനവും നിർമാണ പ്രവർത്തനങ്ങളും നടത്തുന്നത് ക്ഷേത്ര ഘടനയ്ക്കും സുരക്ഷിതത്വത്തിനും ഭീഷണിയാണ് എന്ന് അപ്പീൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ, നിലവിൽ പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഹർജിക്കാർ ആവശ്യപ്പെടുന്നു.
‘ശ്രീമന്ദിർ പരികർമ’ പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ വേണ്ടി ക്ഷേത്രത്തിനു ചുറ്റും ആഴത്തിൽ കുഴിയെടുക്കുന്നത്, ക്ഷേത്രത്തിനു ചുറ്റുമുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ പുരാവസ്തുക്കളെ നശിപ്പിച്ചു കാണുമെന്ന് ഹർജിയിൽ പരാമർശിക്കുന്നു. ഒഡീഷ ബ്രിഡ്ജ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
Post Your Comments