ഈ ഭൂമിയും, നമ്മൾ നിലനിൽക്കുന്ന വീടും ചുറ്റുപാടുമെല്ലാം ഇല്ലാതായാൽ, എങ്ങോട്ട് പോകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യന് ജീവിക്കാൻ ഭൂമിയിൽ ആവശ്യമായ പ്രധാനപ്പെട്ട പല ഘടകങ്ങളും പകുതിയിലധികം നമ്മൾ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നു. വായുവും, ജലവും, മണ്ണുമെല്ലാം ഭൂമിയുടെ നിലനിൽപ്പിന് തന്നെ അപകടകരമാം വിധം നമ്മൾ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നു. മലിനീകരണം കൊണ്ട് പൊറുതി മുട്ടിയ മെട്രോ നഗരങ്ങളും, ജനസംഖ്യാ വർധനവിൽ വലഞ്ഞ ബോംബെ പോലുള്ള സിറ്റികളും, ജലക്ഷാമം നേരിടുന്ന ഇന്ത്യയിലെ ഭൂപ്രദേശങ്ങളും ഇതിന് ഉദാഹരണമാണ്.
Also Read:പേപ്പർ ഉൽപ്പന്നങ്ങൾ: കയറ്റുമതിയിൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം
മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ജീവി വർഗ്ഗമെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം. കാരണം, ഭൂമിയുടെ നിലനിൽപ്പിന് വേണ്ടി മനുഷ്യൻ ഒന്നും ചെയ്യുന്നില്ല. ജൈവീകമായ യാതൊരു ഗുണകരമായ മാറ്റവും മനുഷ്യൻ ഭൂമിയിൽ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, ഇവിടെ നിലനിൽക്കുന്ന സന്തുലിതാവസ്ഥയെ തകിടം മറിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ഒരു മരം വെട്ടിയിട്ട് നമ്മൾ പകരം ഒരുപാട് മരങ്ങൾ നട്ടു വളർത്താറില്ലേ, അതുകൊണ്ട് എന്ത് നേട്ടമാണ് ഭൂമിയിൽ ഉണ്ടാകുന്നത്. ഓരോ മരവും ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് വളർന്ന് പാകപ്പെടുക. ആ മരത്തെ വെട്ടി ആയിരം നട്ടാലും അതിന്റെ അതിജീവന കാലം മുഴുവൻ നോക്കിക്കൊണ്ടിരിക്കാൻ നമ്മൾ മനുഷ്യരെക്കൊണ്ട് കഴിയില്ല.
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാരിസ്ഥിതിക പ്രശ്നങ്ങളാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങളെക്കാൾ കൂടുതൽ ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിയ്ക്കാൻ തുടങ്ങിയതോടെ പ്രകൃതിയെ ചൂഷണം ചെയ്യലും മലിനമാക്കലും ഇരട്ടിയായി. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ നമ്മൾ തന്നെ ചേയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് ഇത് പെട്ടന്ന് മനസ്സിലാവില്ല. പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ. കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ, നദീ തടങ്ങളിൽ ജീവിക്കുന്നവർ, കടൽക്കരയിൽ ജീവിക്കുന്നവർ, കുന്നിൻ മുകളിൽ ജീവിക്കുന്നവർ എന്നിവരെയാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ ആദ്യം വേട്ടയാടുന്നത്. മൂന്ന് പ്രളയങ്ങൾ കേരളത്തെ അത് കൃത്യമായി അറിയിച്ചതാണ്.
പരിസ്ഥിതി സംരക്ഷണം അത്യാവശ്യമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പാടം നികത്തിയാലും, മണൽ വാരി പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ് പലരുടെയും ധാരണ. അത് തിരുത്തേണ്ടതുണ്ട്. നദികളെല്ലാം വറ്റി വരണ്ട് തുടങ്ങി, ചിലത് പൂർണ്ണമായും നശിച്ചു കഴിഞ്ഞു. ഇതോടെ നദികളെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് ജലമില്ലാതായി. പല മനുഷ്യരും അവരുടെ സ്വദേശങ്ങൾ വിട്ട് പാലായനം ചെയ്തത് ജലമില്ലായ്മ കൊണ്ടും പട്ടിണികൊണ്ടുമാണ്.
വനങ്ങൾ നശിച്ചു തുടങ്ങിയതോടെ വേനൽ അധികമാവുകയും, ചൂട് മനുഷ്യജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. മുപ്പതുകളിൽ ഉണ്ടായിരുന്ന ഡിഗ്രി സെൽഷ്യസ് ഇപ്പോൾ നാൽപ്പതുകൾ കടന്ന് തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ മഴ വന്നാൽ പോലും പ്രളയമുണ്ടാകുന്ന തരത്തിൽ കേരളത്തിലെ ഭൂപ്രകൃതി മാറി മറിഞ്ഞു. വികസനത്തിന്റെ പേരിൽ പാടവും തോടും, പുഴകളും നികത്തിയതാണ് പ്രളയത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നതും മറ്റൊരു കാരണമായി. കീടനാശിനി, മലിനജലം, കുഴക്കിണറുകൾ എന്നിവ മൂലമാണ് മണ്ണ് പ്രധാനമായും മലിനമാകുന്നത്. ജലവും ഇതേ കാരണങ്ങൾ കൊണ്ട് തന്നെ വലിയ രീതിയിൽ മലിനമാകുന്നു.
മനുഷ്യരാശി നിലനിൽക്കണമെങ്കിൽ ഭൂമിയും അതിന്റെ ഭംഗിയിൽ നിലനിൽക്കണം. സുസ്ഥിര വികസന മാതൃകകൾ സർക്കാരുകൾ പിന്തുടരണം. ഓരോ മനുഷ്യരും അവരവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് പോലെ ഉത്തരവാദിത്തങ്ങൾക്ക് വേണ്ടിക്കൂടി നിലകൊള്ളണം.
-സാൻ
Post Your Comments