ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും കമ്മീഷൻ വർധിപ്പിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്കെതിരെ പ്രതിഷേധവുമായി രാജ്യത്തുടനീളമുള്ള 70,000 പെട്രോൾ പമ്പുകൾ രംഗത്ത്. മെയ് 31 ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളിൽ നിന്ന് (ഒഎംസി) പെട്രോളും ഡീസലും വാങ്ങില്ലെന്ന് ഈ പെട്രോൾ പമ്പുകളുടെ ഉടമകൾ അറിയിച്ചു. രാജ്യത്തെ പെട്രോൾ പമ്പ് ഉടമകളുടെ സംഘടനയായ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ആണ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപന വില വർധിപ്പിച്ചതോടെ പെട്രോളിയം കമ്പനികൾ വൻ ലാഭം കൊയ്യുന്നുണ്ടെങ്കിലും ഡീലർമാരുടെ കമ്മീഷനിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് പമ്പുടമകൾ പറയുന്നു. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 70,000 പെട്രോൾ പമ്പുകൾ ഇന്നേദിവസം കമ്പനികളിൽ നിന്ന് ഒരു ദിവസത്തേക്ക് എണ്ണ വാങ്ങില്ലെന്ന് പ്രഖ്യാപിച്ചു. പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ വർധിപ്പിക്കാൻ കമ്പനികൾ തയ്യാറാകാത്തതും, പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന എക്സൈസ് നികുതി സർക്കാർ കുറച്ചതുമൂലം ഡീലർമാർക്ക് ഉണ്ടായ നഷ്ടം നികത്താൻ കമ്പനികൾ തയ്യാറാകാത്തതുമാണ് നിലവിലെ പ്രതിഷേധത്തിന് കാരണം.
Also Read:മഴക്കാലം വരുന്നു…. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത്
അഞ്ച് വർഷം മുമ്പ് സർക്കാർ ഇടപ്പെട്ടതിനെ തുടർന്നാണ് ഡീലർമാർക്കുള്ള കമ്മീഷൻ വർധിപ്പിക്കാൻ കമ്പനികൾ തയ്യാറായതെന്ന് അറിയിച്ച പെട്രോൾ പമ്പുടമകൾ, ഇതിനുശേഷം ഒരിക്കൽ പോലും കമ്മീഷൻ വർധനവിന് പെട്രോൾ കമ്പനികൾ തയ്യാറായില്ലെന്ന് വ്യക്തമാക്കി. അഞ്ച് വർഷം മുമ്പ് സർക്കാരിന്റെ മദ്ധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ എല്ലാ ആറ് മാസവും ഡീലർ കമ്മീഷൻ പുതുക്കാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നെന്നും എന്നാൽ, ഈ വാക്ക് പാലിക്കാൻ ഇവർ ഇപ്പോൾ തയ്യാറാകുന്നില്ലെന്നുമാണ് പെട്രോൾ പമ്പ് ഉടമകൾ ആരോപിക്കുന്നത്.
ജനങ്ങളെ ഇത് ബാധിക്കുന്നതെങ്ങനെ?
സംസ്ഥാനങ്ങളിലെ പെട്രോൾ ഡീലർ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ പ്രതിഷേധം ചില്ലറ വിൽപ്പനയെയും ഉപഭോക്താക്കളെയും ബാധിക്കില്ലെന്ന് ഡൽഹി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് ജെയിൻ പറഞ്ഞു. പെട്രോൾ പമ്പുകളിൽ രണ്ട് ദിവസത്തേക്ക് എണ്ണ സ്റ്റോക്കുണ്ട്. അതിനാൽ, ചൊവ്വാഴ്ചയും അവർ ചില്ലറ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും വിൽക്കും. കമ്പനികളിൽ നിന്നുള്ള വാങ്ങലുകൾക്ക് മാത്രമായി അതിന്റെ പ്രഭാവം പരിമിതപ്പെടുത്തും.
സമരം ചെയ്യുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ?
24 സംസ്ഥാനങ്ങളിലെ പെട്രോൾ ഡീലർമാർ പ്രതിഷേധത്തിൽ പങ്കുചേരുന്നു. ഇതിൽ തമിഴ്‌നാട്, കർണാടക, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ബിഹാർ, അസം, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, സിക്കിം എന്നിവ ഉൾപ്പെടുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഡീലർമാരും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.
Leave a Comment