KeralaLatest News

‘മതവിദ്യാഭ്യാസത്തിന് സർക്കാർ ഫണ്ട് നൽകരുത്, ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചുകയറ്റുന്നത് തടയണം’

മതപാഠശാലകൾക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ചെലവിടുന്നത് നിർത്തണം.

കോഴിക്കോട്: ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും, മതവിഭ്യാഭ്യാസത്തിന് 18 വയസ്സ് തികയണം എന്ന നിബന്ധനയുണ്ടായിരിക്കണമെന്നും പ്രൊഫ. ടി ജെ ജോസഫ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങൾ നൽകുന്നത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് ഇസ്ലാമിക മതമൗലികവാദികൾ കൈ വെട്ടിയ ജോസഫ് മാസ്റ്റർ,  2010ൽ തനിക്ക് നേരെ ആക്രമണം ഉണ്ടായ സമയത്തേക്കാൾ കാര്യങ്ങൾ മോശമായി വരികയാണെന്ന് ചൂണ്ടിക്കാട്ടി. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടാഗോർഹാളിൽ നടന്ന ‘പാൻ 22’ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. ടി ജെ ജോസഫ്.

പ്രൊഫസർ. ടി ജെ ജോസഫിന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം:

‘അന്ന് കേരളത്തിൽ ഒന്നോ രണ്ടോ സംഘടനകൾ മാത്രമാണ്, പ്രത്യക്ഷമായി വർഗീയതയും മത മൗലികാവാദവും പറഞ്ഞിരുന്നത്. പക്ഷേ, ഇന്ന് ദൗർഭാഗ്യവശാൽ ഒരു പാട് സംഘടനകൾ ആയി. ഏറ്റവും ഒടുവിലായി ഒരു റാലിയിൽ ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങളാണ് കേരളം ചർച്ചചെയ്യുന്നത്. ആ കുട്ടിക്ക് ഇതൊക്കെ പറയാനുള്ള ഊർജ്ജം എവിടെനിന്ന് കിട്ടി, എന്ന് ഓർക്കണം. ഒരു 12 വയസ്സുകാരന് ഇതൊക്കെ തനിയെ പറയാനും കഴിയും. പക്ഷേ, ചെറുപ്പത്തിലേ മതം മസ്തിഷ്‌കത്തിലേക്ക് അതിശക്തമായി കടത്തിവിടുന്നതാണ് ഇവിടുത്തെ പ്രശ്‌നം.’

‘ഒരു പാരമ്പര്യം എന്ന നിലയിൽ മതം പഠിപ്പിച്ചോട്ടെ. പക്ഷേ വിശദമായ പഠനം കുട്ടിക്ക് 18 വയസ്സ് പൂർത്തിയായിട്ട് മതി എന്ന നിലയിലേക്ക് കാര്യങ്ങൾ മാറണം. മതപാഠശാലകൾക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ചെലവിടുന്നത് നിർത്തണം. നമ്മുടെ വിദ്യാഭ്യാസം പുർണ്ണമായും മതേതരം ആവണം. ഭാര്യ സലോമിയുടെ മരണം ഒരു മത പ്രചോദിത കുറ്റകൃത്യമാണെന്ന് വേണമെങ്കിൽ കണക്കാക്കാം. മറ്റൊരു മതത്തിന്റെ ശിക്ഷയും, ജനിച്ചു വളർന്ന മതത്തിന്റെ ശിക്ഷയും, സ്‌റ്റേറ്റിന്റെ ശിക്ഷയും ഒരുമിച്ച് ഏറ്റു വാങ്ങേണ്ടി വന്ന വ്യക്തിയാണ് ഞാൻ.’

‘മുഹമ്മദ് എന്ന പേര് ഒരു ചോദ്യത്തിൽ ചേർക്കുമ്പോൾ ഞാൻ സ്വപ്‌നത്തിൽപോലും അത് പ്രവാചകന്റെ പേരായി ചിത്രീകരിക്കപ്പെടും എന്ന് ഓർത്തില്ല. പക്ഷേ, അങ്ങനെ പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടർ എന്റെ പേരിൽ മത നിയമം നടപ്പാക്കിയത്. എന്നാൽ, തുടർന്ന് ഞാൻ ജനിച്ച മതവും സഭയും എന്നെ വീണ്ടും ശിക്ഷിക്കയാണ് ഉണ്ടായത്. എന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതോടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നു. അങ്ങനെ ഒക്കെയുണ്ടായ ഡിപ്രഷനെ തുടർന്നാണ് ഭാര്യ ജീവനൊടുക്കിയത്. അതുപോലെ എനിക്കെതിരെ മത നിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ്, സ്‌റ്റേറ്റ് ചെയ്തത്. എന്നാൽ കോടതി അതെല്ലാം തള്ളിക്കളയുകമാണ് ഉണ്ടായത്.’ ജോസഫ് മാഷ് വികാരധീനനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button