Latest NewsKeralaIndia

വെസ്റ്റ് നൈൽ പനിയുടെ രോഗലക്ഷണങ്ങളും പ്രതിരോധവും അറിയാം

2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്.

തൃശൂര്‍:  പുത്തൂരില്‍ ഒരാള്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചതോടെ മലയാളികളുടെ ചര്‍ച്ചകളില്‍ നിറയുന്നത് ഈ മാരക പകര്‍ച്ചവ്യാധിയാണ്. വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണം വരെ സംഭവിക്കാം. ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് ഇത്. ഇതിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. വൈസ്റ്റ് നൈൽ പനി കൂടുതലും മുതിർന്നവരിലാണ് കാണുന്നത്. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

എന്നാല്‍, കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാവാതിരിക്കാനും സാധ്യതയുണ്ട്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവയ്ക്കും വഴിവെക്കാം. വെസ്റ്റ് നൈല്‍ വൈറസുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. പനിയാണ് ഇതില്‍ പ്രധാന ലക്ഷണമായി വരുന്നത് എന്നതിനാലാണ്, വെസ്റ്റ് നൈല്‍ പനി എന്നുതന്നെ ഈ രോഗം അറിയപ്പെടുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്.

1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. 2019ൽ മലപ്പുറം ജില്ലയിൽ 6 വയസുകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരണമടഞ്ഞിരുന്നു. സാധാരണഗതിയില്‍ വെസ്റ്റ് നൈല്‍ പനി പെട്ടെന്ന് വ്യക്തികളെ മരണത്തിലേക്ക് നയിക്കത്തക്ക രീതിയില്‍ ഗുരുതരമാകാറില്ല. രോഗം ബാധിച്ച അഞ്ചിലൊരാളിലാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. 150ല്‍ ഒരാള്‍ക്ക് രോഗം ഗുരുതരമാകാം. ഇത്തരത്തില്‍ ഗുരുതരാവസ്ഥയിലെത്തുന്ന  രോഗികളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.

തീവ്രത കൂടിയ പനി, കഠിനമായ തലവേദന, കഴുത്ത് അനക്കാന്‍ സാധിക്കാതെ  മുറുകിയിരിക്കുന്ന അവസ്ഥ, പേശിവേദന, തലചുറ്റൽ, ചിന്തകളില്‍ അവ്യക്തത, ആശയക്കുഴപ്പം, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ  പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ  തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ  ബാധിക്കുന്നതു മൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും  സംഭവിക്കാം.

വൈസ്റ്റ് നൈൽ രോഗത്തിന് ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്തതിനാൽ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button