ThiruvananthapuramKeralaLatest News

കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു: മകളെ രക്ഷിച്ചു, അമ്മയെ രക്ഷിക്കാൻ പെടാപ്പാട്

മകൾ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെ തട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു.

തിരുവനന്തപുരം: കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് സംഭവം. കൊല്ലംകാവ് തത്തൻകോട് പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്. ഇന്ന് രാവിലെ 11.30 നോടെയാണ് സംഭവം. ആദ്യം മകളായ ഫൗസിയ ആണ് കിണറ്റിൽ വീണത്. മകൾ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെ തട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു.

ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും പത്തടിയോളം വെള്ളമുള്ള ചവിട്ടു തൊടിയില്ലാത്ത കിണറ്റിൽ അകപ്പെട്ട സബീനയെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല. പിന്നീട്, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്‌നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയുമായിരുന്നു.

പിന്നീട്, പ്രദീഷ് റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിങ്ങിനുള്ളിൽ കയറ്റിയിരുത്തുകയും നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് വലിച്ചു കരയ്ക്ക് കയറ്റുകയും ചെയ്തു. തുടർന്ന്, അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മാരായ വിപിൻ, നിസ്സാം, മനോജ്, അരുൺ ഹോം ഗാർഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button