ആലപ്പുഴ: ജില്ലയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസിനെതിരെ പോപ്പുലർ ഫ്രണ്ട്. പോലീസ് തങ്ങളുടെ പ്രവർത്തകർക്ക് നേരെ നരനായാട്ട് നടത്തുകയാണെന്ന് ആരോപിച്ച് ആലപ്പുഴ എസ്.പി ഓഫീസിലേക്ക് പ്രകടനം നടത്താനൊരുങ്ങുകയാണ് പോപ്പുലർ ഫ്രണ്ട്. ഏതോ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്‍റെ പേരിൽ പോലീസ് നരനായാട്ട് നടത്തുകയാണെന്നും, പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ആരോപിച്ചാണ് ഇന്ന് വീണ്ടും റാലി നടത്തുക. ആർ.എസ്.എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് സോണൽ പ്രസിഡൻ്റ് നവാസ് ഷിഹാബ് പറഞ്ഞു.
അതേസമയം, കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് നേതാക്കള്‍ക്ക് എതിരെ പോലീസ് നടപടി എടുത്തിരിക്കുന്നത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 24 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. കുട്ടി വിളിക്കുന്ന വർഗീയ മുദ്രാവാക്യം ഇവർ ഏറ്റുവിളിക്കുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍, ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം വേഗത്തിലാക്കിയത്.
Post Your Comments