ബെർലിൻ: ജർമ്മനിയും റഷ്യയും തമ്മിൽ യുദ്ധം ആരംഭിക്കുമെന്ന് മുൻ ജർമ്മൻ ഇന്റലിജൻസ് മേധാവിയുടെ മുന്നറിയിപ്പ്. ഫെഡറൽ ഓഫീസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിറ്റ്യൂഷൻ മേധാവിയായിരുന്ന ഹൻസ് ജോർജ് മാസ്സെൻ ആണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്.
ജർമ്മനി സാവധാനം, ഉറക്കത്തിലെന്ന പോലെ റഷ്യയുമായുള്ള യുദ്ധത്തിലേക്ക് നടന്നടുക്കുകയാണ്. ഇതിന്റെ പ്രധാന കാരണം എതിരാളിയായ ഉക്രയിന് ആയുധങ്ങൾ നൽകുന്നതാണെന്നും, ഇതുവഴി ജർമ്മനി, റഷ്യയുടെ ശത്രുത സമ്പാദിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിവി ബെർലിൻ ചാനലിൽ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച സംപ്രേഷണം ചെയ്ത ഈ പരിപാടിയിലാണ് ഹൻസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘നമ്മൾ ഹെൽമറ്റുകളോ ബാൻഡേജുകളോ അല്ല കൊടുത്തയക്കുന്നത്. നമ്മൾ കൊടുത്തയക്കുന്നത് ആയുധങ്ങളാണ്. പരോക്ഷമായി ആണെങ്കിലും നമ്മൾ യുദ്ധത്തിൽ പങ്കാളികളാവുകയാണ്. അതിനാൽ തന്നെ, അത് അംഗീകരിക്കാൻ സാധിക്കില്ല’- ഹൻസ് ജോർജ് മാസ്സെൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ, ജനങ്ങൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതും ചർച്ചകൾ ഉയർന്നു വരാത്തതും തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments