അബുദാബി: കുരങ്ങുപനി നേരിടാൻ യുഎഇ സജ്ജമെന്ന് ആരോഗ്യ വിദഗ്ധർ. മെയ് 24 നാണ് യുഎഇയിൽ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തത്. പശ്ചിമാഫ്രിക്കയിൽ നിന്നെത്തിയ 29 കാരനായ സന്ദർശകനാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം, ഏത് വെല്ലുവിളികളെയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യം കനത്ത ജാഗ്രതയിലാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുബായ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കുരങ്ങുപനിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കും സമൂഹത്തിനും സംരക്ഷണം ഉറപ്പുനൽകുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഡിഎച്ച്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടികൾ. കുരങ്ങുപനി രോഗം നേരത്തെ കണ്ടെത്തുന്നതിനും രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Post Your Comments