Latest NewsKeralaNattuvarthaNews

മലയോര ജനത വളരെ ആഹ്ലാദത്തിൽ, സർക്കാരിന്റേത് ചരിത്രപരമായ തീരുമാനം: ജനീഷ് കുമാര്‍ എംഎല്‍എ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കാട്ടുപന്നി ശല്യത്തിന്റെ പിടിയിലമര്‍ന്ന മലയോര ഗ്രാമങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ രൂപപ്പെടുത്തിയ നിയമം സ്വാഗതാര്‍ഹമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ. കേന്ദ്രനിയമം മൂലം പ്രശ്നം പരിഹരിക്കുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിട്ടതെന്നും, ഇതുവഴി രക്ഷപ്പെടുന്നത് അനേകം കർഷകരുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ആർബിഐ: ഈ കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി

‘ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്. നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്’, ജനീഷ് കുമാര്‍ വ്യക്തമാക്കി.

‘കാട്ടുപന്നി ശല്യം ഒഴിവാക്കാനുള്ള ഏറ്റവും പ്രായോഗികമായ തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഈ പ്രശ്നം മുന്‍നിര്‍ത്തിയാണ് എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യ ഇടപെടല്‍ തന്നെ നടത്തിയത്. മലയോര മേഖലയുടെ കാര്‍ഷിക അഭിവൃദ്ധിക്ക് തീരുമാനം കാരണമാകും. നിരവധി ആളുകള്‍ക്ക് അപകടങ്ങളും, ചിലര്‍ക്ക് ജീവഹാനി തന്നെയും പന്നി ശല്യം മൂലം ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തില്‍ മലയോര ജനത വളരെ ആഹ്ലാദത്തിലാണ്. ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാന്‍ വനം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിച്ച്‌ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു’, എംഎല്‍എ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button