ടെക്‌സാസ്: ടെക്‌സാസിൽ 18 കാരനായ കൗമാരക്കാരന്റെ ചോരക്കളിയിൽ പിടഞ്ഞുവീണ് മരിച്ചത് 22 പേരാണ്. 19 കുട്ടികളുൾപ്പെടെ 22 പേരെ കൊലപ്പെടുത്തിയ ടെക്‌സാസ് ഷൂട്ടർ സാൽവഡോർ റാമോസ് ഇന്ന് യു.എസിന്റെ ഭയപ്പെടുത്തുന്ന ഓർമകളിൽ ഒന്നാണ്. റാമോസിനെ കുറിച്ച് അന്വേഷിച്ചിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത് അത്ര സുഖമുള്ള വിവരങ്ങളല്ല. സംസാര വൈകല്യത്തിന്റെ പേരിൽ കുട്ടിക്കാലത്ത് ബന്ധുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും പരിഹാസങ്ങൾ നേരിടേണ്ടി വന്നയാളാണ് റാമോസ്.
ഗാർഹിക പീഡനത്തെ തുടർന്നും, സ്‌കൂളുകളിൽ നിന്നും ഏൽക്കുന്ന പരിഹാസങ്ങളെ തുടർന്നും, പലതവണ സ്‌കൂൾ മാറിയിട്ടുള്ളയാളാണ് റാമോസ്. ഏകാകിയായി നടന്നിരുന്ന, വളരെ പെട്ടന്ന് ക്ഷോഭിക്കുന്ന കുട്ടിയായിരുന്നു റാമോസെന്നാണ് അവനെ അറിയാവുന്ന ഒരു ദമ്പതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇന്ന് റാമോസ് 22 പേരുടെ ജീവനെടുത്ത കൊലയാളിയാണ് എന്ന തിരിച്ചറിവ് അവരെ ഭയപ്പെടുത്തുന്നു.
അവൻ സ്വന്തം അമ്മയെ പോലും വിളിച്ചിരുന്നത് ‘വേശ്യ’ എന്നായിരുന്നു. ഹൈസ്‌കൂൾ സഹപാഠിയായ നാദിയ റെയ്‌സ് പറയുന്നതനുസരിച്ച്, അമ്മ അവനെ അവരുടെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചിരുന്നു. പലതവണ ഇത്തരമൊരു സംഭവമുണ്ടായി. റാമോസിന് അവന്റെ അമ്മയുമായി അത്ര ഊഷ്മളമായ ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. വീട്ടിൽ അവർ തമ്മിൽ എപ്പോഴും വഴക്കുകളും കരച്ചിലും ഉണ്ടാകാറുണ്ടെന്ന് അയൽവാസി ഓർത്തെടുക്കുന്നു. റാമോസിനെ ‘പെലോൺ’ (കഷണ്ടി) എന്നായിരുന്നു കൂട്ടുകാർ വിളിച്ചിരുന്നത്. അവന് മുടി വളരെ കുറവായിരുന്നു.
Post Your Comments