കൊല്ലം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലം കോര്‍പ്പറേഷനിലെ എസ്.ഡി.പി.ഐ. കൗണ്‍സിലര്‍ കൃഷ്‌ണേന്ദു. തന്റെ മകനാണ് മുദ്രാവാക്യം വിളിച്ചത് എന്ന രീതിയിൽ, മകന്റെ ചിത്രം ഉപയോഗിച്ച് തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കൃഷ്‌ണേന്ദു അറിയിച്ചു.
മകന്‍ കൊടിയുമായി നില്‍ക്കുന്ന ചിത്രം കൃഷ്‌ണേന്ദു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനുനേരെ അസഭ്യവര്‍ഷവും അശ്ലീല സന്ദേശങ്ങളും ഉള്‍പ്പെടെ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൃഷ്‌ണേന്ദു നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഫോട്ടോ വൈറലായതിന് ശേഷം, നിരവധി പേർ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കൗൺസിലർ പറയുന്നു.
അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞതായി പൊലീസ്. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി. കുട്ടിയെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിലെത്തി. എന്നാൽ, വീട് പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ട്, കുട്ടിയെ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടൻ കണ്ടെത്തി ചോദ്യം ചെയ്യാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
Post Your Comments