
അബുദാബി: യുഎഇയിൽ ആദ്യ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിൽ നിന്നെത്തിയ 29 കാരനായ സന്ദർശകയ്ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച സ്ത്രീയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുരങ്ങുപനിക്കെതിരെ എല്ലാമുൻകരുതലുകളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കുരങ്ങുപനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.
കുരങ്ങുപനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുബായ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കുരങ്ങുപനിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കും സമൂഹത്തിനും സംരക്ഷണം ഉറപ്പുനൽകുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഡിഎച്ച്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടികൾ. കുരങ്ങുപനി രോഗം നേരത്തെ കണ്ടെത്തുന്നതിനും രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. കുരങ്ങ്, എലി എന്നിവയിൽ നിന്ന് രോഗം പകരാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്. അതേസമയം, കുരങ്ങുപനിയിൽ മരണനിരക്ക് പൊതുവെ കുറവാണ്.
Read Also: സൗദിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു: യാത്രക്കാർ സുരക്ഷിതർ
Post Your Comments