തിരുവനന്തപുരം: വിസ്മയ കേസിൽ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കിരൺ കുമാറിന് സ്ത്രീധനമായി നൽകിയ കാറിൽ പോയതിനെ രൂക്ഷമായി വിമർശിച്ച് അഡ്വ ശ്രീജിത്ത് പെരുമന. എന്തൊരു വിരോധാഭാസമാണ് ഇതെന്ന് ശ്രീജിത്ത് പെരുമന ചോദിച്ചു. സ്ത്രീധനമായി നൽകിയ പൊന്നും പണവും കാറുമൊന്നും വിശുദ്ധമല്ലെന്നും, പെണ്ണ് ആണിനേക്കാൾ പദവീപരമായി താഴെയാണ് എന്ന ബോധത്തിൽ ആണിന് നൽകുന്ന കൈക്കൂലിയാണ് സ്ത്രീധനമെന്നും അദ്ദേഹം പറഞ്ഞു.
‘പെണ്ണ് ആണിനേക്കാൾ പദവീപരമായി താഴെയാണ് എന്ന ബോധത്തിൽ ആണിന് നൽകുന്ന കൈക്കൂലിയാണ് സ്ത്രീധനം. അതുകൊണ്ടാണ് അത് വാങ്ങുന്നതു പോലെ കൊടുക്കുന്നതും തെറ്റാകുന്നത്. സ്ത്രീധനം നൽകിയ കാറിനെ വിശുദ്ധമാക്കുന്നതിലൂടെ സ്ത്രീധനത്തെയാണ് നിങ്ങൾ വിശുദ്ധമാക്കുന്നത്. ദയവായി അത് ചെയ്യാതിരിക്കുക. വിസ്മയയുടെ അച്ഛൻ ഇന്ന് ഏത് കാറിൽ യാത്ര ചെയ്തു എന്നതൊന്നും ഇവിടെ പ്രസക്തമല്ല. അദ്ദേഹം ഇന്ന് ഓട്ടോ പിടിച്ച് പോയാലും ഇന്നത്തെ ശിക്ഷാവിധിയാണ് പ്രധാനം. അത് സമൂഹത്തിന് നൽകേണ്ട ഗുണപരമായ സന്ദേശത്തെയാണ് ഇത്തരം വിലകുറഞ്ഞ സെൻസേഷൻ കൊണ്ട് നാം ഇല്ലാതെയാക്കാൻ ശ്രമിക്കുന്നത്’, പെരുമന കുറിച്ചു.
‘സ്ത്രീധനം വാങ്ങുന്നതു പോലെ നൽകുന്നതും കുറ്റകരമായ ഒരു നിയമ വ്യവസ്ഥയ്ക്കുള്ളിൽ നിന്നാണ് നമ്മൾ ഈ സാമൂഹിക വിപത്തിനെതിരെ പോരാടുന്നത്. സ്ത്രീധനമായി നൽകിയ പൊന്നും പണവും കാറും വിശുദ്ധമാകില്ല. ഇത്തരം അതിവൈകാരികത സമൂഹത്തിലേക്ക് പടർത്തുമ്പോൾ സ്ത്രീധനത്തെ ന്യായീകരിക്കുന്ന ഒരു നരേറ്റീവ് സൃഷ്ടിക്കുകയാണ് അക്ഷരാർത്ഥത്തിൽ നിങ്ങൾ ചെയ്യുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments