Latest NewsNewsWomenLife Style

മംഗല്യസൂത്രത്തിന്റെ സവിശേഷതകൾ

 

ഹിന്ദു വിശ്വാസപ്രകാരം വിവാഹം രണ്ട്‌ വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല അവരുടെ വിശ്വാസങ്ങൾ, ഉത്തരവാദിത്വങ്ങൾ, സ്‌നേഹം, ആത്മീയ വളർച്ച, ഒരുമ എന്നിവയുടെ എല്ലാം കൂടിച്ചേരലാണ്‌. പരമ്പരാഗതമായി ഹിന്ദു വിവാഹം വെറും ആഘോഷത്തിനും രസത്തിനും മാത്രമുള്ളതല്ല, അതിനും അപ്പുറമാണ്‌ അതിന്റെ പ്രാധാന്യം. പങ്കാളികളുടെ ത്യാഗം, കൂട്ടായ്‌മ, സമർപ്പണം, ശ്രദ്ധ എന്നിവയെല്ലാം ഇത്‌ ആവശ്യപ്പെടുന്നുണ്ട്‌. വിവാഹവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആചാരങ്ങളും ചടങ്ങുകളും വിവാഹത്തിന്റെ യഥാർത്ഥ സത്ത വരച്ചു കാട്ടുന്നതാണ്‌.

പരമ്പരാഗതമായി ഹിന്ദു വിശ്വാസ പ്രകാരം വിവാഹിതരായ സ്‌ത്രീകളിൽ അഞ്ച്‌ അടയാളങ്ങൾ ഉണ്ടാകും. മംഗല്യസൂത്രം, വിവാഹ മോതിരം, സിന്ദൂരം, വളകൾ, മുക്കൂത്തി എന്നിവയാണ്‌ ഈ അഞ്ച്‌ അടയാളങ്ങൾ.

താലി അഥവ മംഗല്യസൂത്രത്തെ കുറിച്ച്‌ പറയുകയാണെങ്കിൽ, ആ വാക്ക്‌ തന്നെ അതിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്‌. മംഗല്യം എന്നാൽ, ശുഭകരം എന്നാണർത്ഥം, സൂത്ര എന്നാൽ, ചരട്‌ എന്നർത്ഥം.

ഹിന്ദുവിവാഹത്തിൽ മംഗല്യസൂത്രം വെറും ഒരു ആഭരണം മാത്രമല്ല, വിവാഹിതരായ സ്‌ത്രീകളുടെ പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും വിശുദ്ധ ചരടാണ്‌. ഹിന്ദു വിവാഹത്തിലെ ഏറ്റവും പ്രധാന ഘടകമായ മംഗല്യസൂത്രം വിവാഹ ജീവിതത്തിന്റെ പരിശുദ്ധ പ്രതീകമായി കണക്കാക്കപ്പെടുന്നു.

വൈവിധ്യങ്ങളുടെ നാടാണ്‌ ഇന്ത്യ. ഇവിടുത്തെ വിവിധ പ്രദേശങ്ങളിൽ ഈ വിശുദ്ധ പ്രതീകം പല പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. താലി അഥവ മാംഗല്യം എന്നാണ്‌ കന്നഡ, തെലുങ്ക്‌, തമിഴ്‌ തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിൽ അറിയപ്പെടുന്നതെങ്കിൽ ഉത്തരേന്ത്യയിൽ മംഗൾസൂത്ര എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. മംഗല്യസൂത്ര എന്ന ആശയത്തിന്റെ വേരുകൾ കിടക്കുന്നത്‌ ദക്ഷിണേന്ത്യയിലാണന്നാണ്‌ വിശ്വാസം. ഇതിന്റെ പ്രാധാന്യവും സവിശേഷതയും കാരണം ഉത്തരേന്ത്യയിലേക്കും എത്തിയതോടെ വിവാഹ ചടങ്ങളുടെ പ്രധാന ഭാഗമായി താലി മാറിയിരിക്കുകയാണ്‌.

വരൻ വധുവിന്‌ നൽകുന്ന അന്തസ്സിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്‌ മംഗല്യസൂത്രം. വിവാഹ ദിവസം പുരോഹിതൻ മന്ത്രങ്ങൾ ചൊല്ലുമ്പോൾ വരൻ വധുവിന്റെ കഴുത്തിൽ മംഗല്യസൂത്രം ചാർത്തും. വിവാഹ ദിവസം പങ്കെടുക്കുന്ന ബന്ധുക്കളുടെയും സ്‌നേഹിതരുടെയും സാന്നിദ്ധ്യത്തിൽ വധുവരൻമാർ ഒന്നായതായാണ്‌ ഇത്‌ അർത്ഥമാക്കുന്നത്‌.

ചില പ്രദേശങ്ങളിൽ വരൻ ആദ്യം താലി ഒന്നു കെട്ടും അതു കഴിഞ്ഞ വരന്റെ സഹോദരി ബാക്കി കെട്ടും എന്നതാണ്‌ ചടങ്ങ്‌. കറുത്ത മുത്ത്‌ കോർത്ത രണ്ട്‌ ചരടിന്‌ നടുവിൽ ഒരു പതക്കം അല്ലെങ്കിൽ ലോക്കറ്റ്‌ വരുന്ന തരത്തിലാണ്‌ സാധാരണ മംഗല്യസൂത്രം കാണപ്പെടുന്നത്‌.

ചിലപ്പോൾ സ്വർണ്ണം, വജ്രം എന്നിവകൊണ്ടുള്ള പതക്കങ്ങളോട്‌ കൂടിയ ചരടിൽ സ്വർണ്ണവും കറുപ്പും മുത്തുകൾ കോർത്തും ഉണ്ടാക്കാറുണ്ട്‌. വിവാഹതയായ സ്‌ത്രീയെ സംബന്ധിച്ച്‌ ശുഭസൂചകമായതിനാൽ ഇതിന്‌ സവിശേഷ ശക്തി ഉണ്ടെന്നാണ്‌ വിശ്വാസം.

മംഗല്യസൂത്രയിലെ ഓരോ കറുത്ത മുത്തുകളും ചീത്ത ശക്തിയിൽ നിന്നും സംരക്ഷണം നൽകുമെന്നും ദാമ്പത്യത്തെ സംരക്ഷിക്കുമെന്നും പ്രത്യേകിച്ച്‌ ഭർത്താവിന്റെ ജീവന്‌ സംരക്ഷണം നൽകുമെന്നമുമാണ്‌ വിശ്വാസം. മംഗല്യസൂത്രം പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത്‌ സ്‌ത്രീകൾ അശുഭമായിട്ടാണ്‌ കണക്കാക്കുന്നത്‌.

ഇന്ന്‌ പല തരത്തിലും ഡിസൈനിലുമുള്ള മംഗല്യസൂത്രം ലഭ്യമാകും. ഗുജറാത്തികളും മാർവാടികളും വജ്രപതക്കമാണ്‌ ഉപയോഗിക്കുന്നത്‌. മഹാരാഷ്ട്രക്കാർ ചിലപ്പോൾ രണ്ട്‌ പതക്കം ഉപയോഗിക്കാറുണ്ട്‌. അതേസമയം, ബംഗാളികളുടെ മംഗല്യസൂത്രത്തിൽ പവിഴവും ഉൾപ്പെടുത്താറുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button