![](/wp-content/uploads/2022/05/untitled-17-6.jpg)
കൊൽക്കത്ത: ഭാര്യയ്‌ക്കെതിരെ ആരോപണവുമായി യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിലെ താരമായ കരൺ മെഹ്‌റ. കരണിന് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ നിഷ ആരോപിച്ചതിന് പിന്നാലെ, ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കരൺ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും നിഷ ആരോപിച്ചിരുന്നു. ഈ വാദപ്രതിവാദങ്ങൾ മുന്നേറുന്നതിനിടെയാണ്, നിഷയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഇപ്പോൾ കരൺ രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ 11 മാസമായി നിഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും, തനിക്കെതിരെ അവിഹിത ബന്ധം ആരോപിച്ച ശേഷമാണ് ഭാര്യ മറ്റൊരാൾക്കൊപ്പം തന്റെ വീട്ടിൽ താമസം ആരംഭിച്ചതെന്നും കരൺ അവകാശപ്പെട്ടു. ഒരു ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഒരാളുമായിട്ടാണ് നിഷയ്ക്ക് ബന്ധമുള്ളതെന്നാണ് കരൺ അവകാശപ്പെടുന്നത്. കൂടാതെ, നിഷയ്‌ക്കൊപ്പം ജീവിക്കാൻ കാമുകൻ അയാളുടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചതായും താരം പറഞ്ഞു.
‘ഇന്നും എന്റെ വീട്ടിൽ ഒരു മനുഷ്യൻ താമസിക്കുന്നുണ്ട്. കഴിഞ്ഞ 11 മാസമായി ആ വ്യക്തി എന്റെ വീട്ടിലാണ് താമസിക്കുന്നത്. അവൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് എന്റെ വീട്ടിൽ പ്രവേശിച്ചു. എന്റെ വസ്തുവകകളും കാറും ബിസിനസ്സുകളും ഇരുവരും ചേർന്ന് തട്ടിയെടുത്തു. . എന്റെ കുട്ടിയെ ഞാൻ മിസ് ചെയ്യുന്നു. ഒരു പിതാവെന്ന നിലയിൽ, കുഞ്ഞുമായി സംസാരിക്കാൻ കഴിയാത്തത് ബുദ്ധിമുട്ടാണ്. ഇത് വിഷമകരമാണ്’, കരൺ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് നിഷ കരണിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കരൺ തന്നെ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു നിഷ പറഞ്ഞത്. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന നിഷയുടെ പരാതിയെ തുടർന്ന് കരൺ മെഹ്‌റയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി സെക്ഷൻ 336, 337, 332, 504, 506 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കരൺ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. പിന്നീട്, മാധ്യമങ്ങളോട് വ്യക്തിപരമായി സംസാരിച്ച ദമ്പതികൾ പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
Post Your Comments