തിരുവനന്തപുരം: അങ്കണവാടികളിൽ ഇനി മുതല്‍ ആഴ്ചയിൽ രണ്ടുദിവസം കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകാൻ തീരുമാനം.
ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോഴിമുട്ടയും തേനും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലുമാണ് നൽകുക. പ്രഭാതഭക്ഷണത്തോടൊപ്പം വേണം പാലും മുട്ടയും നൽകാൻ. ഒരു കുട്ടിക്ക് ആറുതുള്ളി തേനാണ് നൽകുക. പദ്ധതിക്ക് തേൻകണം എന്നാണ് പേര്. ഹോർട്ടികോർപ്പുമായി ചേർന്നാണ് വിതരണം.
മിൽമപ്പാലോ, ക്ഷീരസംഘങ്ങളിലെ പാലോ വേണം നൽകാൻ. ഇവ ലഭിക്കാത്ത സ്ഥലങ്ങളിൽ ക്ഷീരകർഷകരിൽ നിന്ന് നേരിട്ട് സ്വീകരിക്കാമെന്നും നിര്‍ദ്ദേശമുണ്ട്. പാൽ വിതരണം ചെയ്യുന്ന ദിവസം കുട്ടി അവധിയായാൽ പിറ്റേദിവസം തൈരോ മോരോ നൽകണം. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പ് കുട്ടികൾക്കായി പോഷകാഹാരം നൽകുന്നത്. നിലവിൽ വിതരണം ചെയ്യുന്ന മറ്റ് ഭക്ഷണങ്ങൾ ഇതോടൊപ്പം തുടരും.
Post Your Comments