ഡൽഹി: കുത്തബ് മിനാറിൽ ഖനനം നടത്തുന്നതിന്, കേന്ദ്ര പുരാവസ്തു ഗവേഷക വകുപ്പിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കുത്തബ് മിനാർ സന്ദർശിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദ സംഘം, സ്മാരകത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ച് പരിശോധിക്കുന്നതിനായി ഖനനം നടത്തുന്നത് പരിഗണിക്കണമെന്ന് എഎസ്ഐയോട് നിർദ്ദേശിച്ചിരുന്നു. സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തബ് മിനാർ സന്ദർശിച്ചത്.
അതേസമയം, സ്ഥിരം സന്ദർശനത്തിന്റെ ഭാഗമായാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ സ്മാരകത്തിൽ എത്തിയതെന്നും ഘനനം നടത്തുന്നതിനുള്ള തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. കുത്തബ് മിനാറിലെ പ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവ സംബന്ധിച്ച് പഠനം നടത്തണമെന്നും സമുച്ചയത്തിന് ഉള്ളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഹിന്ദു, ജൈന വിഗ്രഹങ്ങളെ സംബന്ധിക്കുന്ന വിശദമായ വിവരങ്ങൾ സന്ദർശകർക്ക് ലഭ്യമാക്കുന്നതിനുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നും വിദഗ്ധ സംഘം ആവശ്യപ്പെട്ടു.
Post Your Comments