കാബൂള്‍ : ന്യൂസ് ചാനലുകളിലും വിനോദ പരിപാടികളിലും മുഖം മറച്ചും ശിരോവസ്ത്രം ധരിച്ചും അവതരണം നടത്തി അഫ്ഗാനിലെ വനിതാ മാധ്യമപ്രവര്‍ത്തകരും ചാനല്‍ അവതാരകരും. താലിബാന്‍ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് വാര്‍ത്താ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകരും അവതാരകരും മുഖം ഏറെക്കുറെ പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ തല മുതല്‍ കാല് വരെ മറയ്ക്കണമെന്നാണ് താലിബാന്റെ ഉത്തരവ്.
എല്ലാ സ്ത്രീകളും അവരുടെ കണ്ണുകള്‍ മാത്രം ദൃശ്യമാകുന്ന വിധം തല മുതല്‍ കാല്‍പാദം വരെ മറച്ചുകൊണ്ട് പൊതുസ്ഥലത്ത് വസ്ത്രം ധരിക്കണമെന്ന് താലിബാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യമാധ്യമ രംഗത്തുള്ളവരും ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രഖ്യാപിച്ചത്. ടോളോ ന്യൂസിന്റേയും മറ്റ് ടിവി, റേഡിയോ നെറ്റ്‌വര്‍ക്കുകളുടെയും മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് താലിബാന്‍ നല്‍കിയിരുന്നു.
ഇപ്പോള്‍ പൂര്‍ണമായും മുഖവസ്ത്രവും ശിരോവസ്ത്രവും ധരിച്ചാണ് വനിതകള്‍ വാര്‍ത്താ അവതരണം നടത്തുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാവൂ, പുരുഷന്മാരുടെ തുണയില്ലാതെ പെണ്‍കുട്ടികള്‍ പോലും പുറത്തിറങ്ങരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളും താലിബാന്‍ ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments