നഗോണ്‍: പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും തീ ഇടാനും മുന്നില്‍ നിന്ന അഞ്ചുപേരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ ഇടിച്ചുനിരത്തി. കസ്റ്റഡി മരണം ആരോപിച്ചാണ് അസമിലെ നഗോണ്‍ ജില്ലയില്‍ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടത്. പിന്നാലെ, പ്രതികളായ അഞ്ചുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കുകയായിരുന്നു.
കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച 39കാരനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ അക്രമാസക്തരായത്. എന്നാല്‍, പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാണ് സഫിക്കുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ അയാളെ വിട്ടയച്ചുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന്, ഇയാള്‍ ശരീര വേദനയാണെന്ന് പറഞ്ഞ് രണ്ട് ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നതായും, പിന്നീട് മരിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
എന്നാല്‍,സഫിക്കുലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സ്റ്റേഷനിലേക്ക് എത്തിയത്. സ്റ്റേഷന്‍ അക്രമത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അസം ഡിജിപി അറിയിച്ചു.
Post Your Comments