തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരായ ബ്രൂവറി, ഡിസ്റ്റലറി അഴിമതിക്കേസില്‍, ഫയലുകള്‍ ഹാജരാക്കാന്‍ കോടതിയിൽ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍. തുടര്‍ന്ന്, കേസ് വീണ്ടും പരിഗണിക്കുന്നത് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയിലായതിനാൽ, കേസില്‍ സാക്ഷി മൊഴി നല്‍കാന്‍ മുന്‍മന്ത്രിമാരായ ഇപി ജയരാജനും വിഎസ് സുനില്‍കുമാറും ഹാജരായില്ല. ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. ഇടതു സര്‍ക്കാര്‍ ഡിസ്റ്റിലറികള്‍ക്കു ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്, സ്വജനപക്ഷപാതത്തോടെയാണെന്നും ഈ അസാധാരണ തീരുമാനം, മുന്‍ എക്‌സൈസ് മന്ത്രി സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല മൊഴി നല്‍കി.
അഴിമതിയെക്കുറിച്ച് വിജിലന്‍സ് ഡറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടി നല്‍കിയില്ലെന്ന് രമേശ് ചെന്നിത്തല കോടതിയിൽ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മറ്റൊരു വ്യക്തി ഹര്‍ജി നല്‍കിയതിന് ശേഷമാണ്, സര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കിയതെന്നും ചെന്നിത്തല കോടതിയെ അറിയിച്ചു. മൂന്നു ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്, കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു.
കോടതിയുടെ മേല്‍നോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ ആവശ്യമാണ് വിജിലന്‍സ് കോടതി പരിഗണിക്കുന്നതെന്ന്, വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ കേസിന്റെ അന്തിമ വാദം പരിഗണിക്കുമ്പോള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി വ്യക്തമാക്കി.
Post Your Comments