തിരുവനന്തപുരം: കേരളത്തിന്റെ പദ്ധതികളെന്ന് കൊട്ടിഘോഷിക്കുന്ന ഭൂരിഭാഗം പദ്ധതികളും കേന്ദ്രസർക്കാരിന്റേതെന്ന് വ്യക്തമാക്കി തെളിവുകൾ നിരത്തി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പി.ആര്‍ കമ്പനികളുടെ തള്ളുകളും മാധ്യമ വാഴ്ത്തലുമല്ലാതെ കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി പോലും കേരള സര്‍ക്കാറിന് ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം എതിർപ്പില്ലായിരുന്നു എങ്കിൽ എന്നേ നടക്കുമായിരുന്ന ഗെയിൽ പദ്ധതി നടപ്പാക്കിയതാണ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ബാക്കിയെല്ലാം പേരുമാറ്റി നടപ്പാക്കിയ കേന്ദ്ര പദ്ധതികൾ.
ഇനിയെങ്കിലും എല്ലാ സംസ്ഥാന സര്‍ക്കാർ ഓഫീസുകളിലും ‘നരേന്ദ്രമോദി കേരളാ സർക്കാരിന്‍റെ ഐശ്വര്യം’ എന്ന് ബോർഡ് വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സന്ദീപ് പരിഹസിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കഴിഞ്ഞ 6 വർഷത്തെ ഭരണ നേട്ടമായി പിണറായി വിജയൻ സർക്കാർ അവതരിപ്പിച്ച പദ്ധതികളാണിവ. ഇവയുടെ യാഥാർത്ഥ്യം ഒന്ന് പരിശോധിക്കാം….
* കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി:- 2220 ഏക്കർ ഭൂമി വേണ്ട പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള പണം പൂർണ്ണമായും കേന്ദ്ര സർക്കാർ അനുവദിക്കും. 2019 ൽ കേന്ദ്രാനുമതി കിട്ടിയെങ്കിലും ഇതുവരെ ഭൂമിയേറ്റെടുക്കാനായില്ല. ഡിസംബറോടെ ഭൂമി ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ പദ്ധതി നടപ്പാക്കാനുള്ള തുകയുടെ പകുതിയും കേന്ദ്രം നൽകും. കേരളം ഏറ്റെടുക്കേണ്ടത് 1898 ഏക്കർ ഭൂമി..
* ദേശീയ ജലപാത:- പൂർണ്ണമായും കേന്ദ്ര സർക്കാർ പണം ചെലവഴിക്കുന്ന പദ്ധതി. (അവലംബം. നിയമസഭാ ചോദ്യോത്തരം 14.12.2015, ജലവിഭവ മന്ത്രി പി ജെ ജോസഫ്) കൊല്ലം മുതൽ കോഴിക്കോട് വരെ 328 കിലോമീറ്റർ നീളം. കൊല്ലം- കോട്ടപ്പുറം 168 കി.മീ ആണ് ഇതുവരെ ഗതാഗത യോഗ്യമായത്. ബാക്കി 160 കിലോ മീറ്ററിനുള്ള ഡിപിആർ തയ്യാറായി വരുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി 2022 മാർച്ചിൽ അറിയിച്ചിട്ടുണ്ട്.
* ദേശീയപാതാ വികസനം:- തലപ്പാടി മുതൽ കാരോട് വരെ 600 കിലോ മീറ്റർ എൻ.എച്ച് 66. 6 വരി പാതയാക്കാൻ ആവശ്യമായ ഭൂമിയുടെ 75 ശതമാനം വിലയും കേന്ദ്ര സർക്കാരാണ് നൽകുന്നത്. പാത വികസിപ്പിക്കുന്നത് ദേശീയ പാതാ വികസന അതോറിറ്റി. കേന്ദ്രം അനുവദിച്ച തുക പോലും ഗുണഭോക്താക്കൾക്ക് കൈമാറുന്നതിൽ കേരളം കാലതാമസം വരുത്തുന്നു എന്ന് ആക്ഷേപമുണ്ട്. 2024 അവസാനിക്കുമ്പോഴേക്കും 52,007 കോടിയുടെ റോഡ് പദ്ധതികളാണ് കേരളത്തിൽ കേന്ദ്രം നടപ്പാക്കുന്നത്.
* കൊച്ചി വാട്ടർ മെട്രോ:- 820 കോടിയുടെ പദ്ധതിയിൽ കേരളാ സർക്കാരിന്‍റെ വിഹിതം 102 കോടി മാത്രം. ജർമ്മൻ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം വൈറ്റില-കാക്കനാട് റൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ ബോട്ട് ഓടി തുടങ്ങിയിട്ടില്ല.
* സമ്പൂർണ്ണ വൈദ്യുതീകരണം:- കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഗ്രാമ ജ്യോതി യോജന പ്രകാരമാണ് രാജ്യത്ത് സമ്പൂർണ്ണ വൈദ്യുതീകരണം നടന്നു കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷം മാത്രം 10,475 കോടി രൂപയാണ് കേന്ദ്രം ഇലക്ട്രിസിറ്റി ബോർഡിന് അനുവദിച്ചത്.
* കെ ഫോൺ 20 ലക്ഷം കുടുംബങ്ങൾക്ക്:- സൗജന്യ ബ്രോഡ്ബാന്‍റ് സേവനം കിട്ടിയവരെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.
* പൊതുമരാമത്ത് വകുപ്പിൽ 25,000 കോടിയുടെ പദ്ധതികൾ പുരോഗതിയിൽ:- ഒക്ടോബർ 2020 ൽ കേന്ദ്ര പൊതുമരാമത്ത് മന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ തറക്കല്ലിട്ടത് 12,000 കോടിയുടെ കേന്ദ്ര പദ്ധതികൾക്കാണ്. ഇത് കൂടാതെ കഴിഞ്ഞ ബജറ്റിൽ കേരളത്തിലെ ദേശീയ പാതാ വികസനത്തിനായി 65,000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.
* ദുരിതാശ്വാസ നിധി സഹായം:- ഭരണ നേട്ടമായി ദുരിതാശ്വാസ നിധി അവതരിപ്പിക്കേണ്ട ഗതികേടിനെപ്പറ്റി ഒന്നും പറയാനില്ല.
* അടുത്ത വർഷം 1 ലക്ഷം വ്യവസായ സംരംഭങ്ങൾ:- സീ പ്ലെയിനും, കോവിഡ് വാക്സിനും, വെള്ളപ്പൊക്കം ഇല്ലാതാക്കിയ റൂം ഫോർ റിവറും നടപ്പാക്കിയവരായതിനാൽ ഇതും അവിശ്വസിക്കേണ്ട കാര്യമില്ല. (ഭാവി പദ്ധതി എങ്ങനെയാണ് 6 വർഷത്തെ ഭരണ നേട്ടമാവുക എന്ന് ചോദിക്കുകയുമരുത്.)
* ക്ഷീരഗ്രാമങ്ങൾ:- കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗം.
* കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്:- കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ മാത്രം ഓർക്കുക.
* കാരവാൻ ടൂറിസം:- വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമൊക്കെ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയുടെ അനുകരണം മാത്രം. സർക്കാരിന് ചെലവില്ലാതെ സ്വകാര്യ വ്യക്തികൾ നടത്തുന്ന പദ്ധതി.
* എല്ലാ വീടുകൾക്കും കുടിവെള്ളം:- 50 ശതമാനം തുകയും കേന്ദ്രസര്‍ക്കാർ നൽകുന്ന ജൽജീൻ മിഷൻ പദ്ധതിയാണിത്. സംസ്ഥാനത്തിന് ചെലവ് 25 ശതമാനം മാത്രം. ഈ സാമ്പത്തിക വർഷം 1804 കോടി രൂപയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷം 405 കോടിയും. എന്നിട്ടും സംസ്ഥാനത്ത് പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിലെ ആശങ്ക കേന്ദ്ര ജലവിഭവ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇനി 44 ലക്ഷം വീടുകളിൽ കുടിവെള്ളം എത്താനുണ്ട്.
6 വർഷത്തെ നേട്ടമായി ഇന്നത്തെ പത്രങ്ങളിൽ അവതരിപ്പിച്ച 17 പദ്ധതികളിൽ ചിലതിന്‍റെ മാത്രം അവസ്ഥയാണിത്.
കഴിഞ്ഞ 6 വർഷമായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്കരിച്ച് നടപ്പാക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല എന്ന് ഇതോടെ വ്യക്തമായി. ‘Full of Sound and Fury Signifying Nothing’ (ആകെ വെടിയും പുകയും മാത്രം) എന്ന അവസ്ഥയിലാണ് പിണറായി സർക്കാർ. പി.ആര്‍ കമ്പനികളുടെ തള്ളുകളും മാധ്യമ വാഴ്ത്തലുമല്ലാതെ കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി പോലും ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. സിപിഎം എതിർപ്പില്ലായിരുന്നു എങ്കിൽ എന്നേ നടക്കുമായിരുന്ന ഗെയിൽ പദ്ധതി നടപ്പാക്കിയതാണ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ബാക്കിയെല്ലാം പേരുമാറ്റി നടപ്പാക്കിയ കേന്ദ്ര പദ്ധതികൾ.
ഇനിയെങ്കിലും എല്ലാ സംസ്ഥാന സര്‍ക്കാർ ഓഫീസുകളിലും “നരേന്ദ്രമോദി കേരളാ സർക്കാരിന്‍റെ ഐശ്വര്യം” എന്ന് ബോർഡ് വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
Post Your Comments