
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തിയേക്കും. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയിരുന്നു.
ധനമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാവുന്നത്.
അധിക ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച 30 കോടിക്ക് പുറമെ, 50 കോടി രൂപ ബാങ്കില്‍ നിന്ന് ഓവര്‍ട്രാഫ്റ്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പണം ലഭിച്ചാല്‍ വൈകിട്ടോടെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ശമ്പളം ആവശ്യപ്പെട്ട് ഈ മാസം അഞ്ചിന് സൂചനപണിമുടക്ക് നടത്തിയ സാഹചര്യത്തില്‍ ശമ്പളക്കാര്യം സമരക്കാരും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായിരുന്നു മന്ത്രി മുമ്പ് നിലപാടെടുത്തിരുന്നത്. ഇതിനെതിരെ, എ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. ശമ്പളം ഇനിയും വൈകിയാല്‍ കടുത്ത സമരത്തിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്, ഗതാഗതമന്ത്രി മുന്‍ നിലപാടില്‍ നിന്നും അയഞ്ഞത്.
Post Your Comments