Latest NewsIndia

13 കാരിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത് നാലംഗ സംഘം: 13 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഓട്ടോ വിളിച്ച പെണ്‍കുട്ടിയെ അവിടെ ഇറക്കാതെ ഷാരൂഖ് തന്റെ സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെട്ടു

ന്യൂഡല്‍ഹി: കാണാതായ പതിമൂന്നുകാരിയെ ഡല്‍ഹി സാകേത് മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായും മുതിര്‍ന്ന പോലീസുദ്യോഗസ്ഥ അറിയിച്ചു.

പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാല് പേര്‍ക്കുമെതിരെ പോക്‌സോ വകുപ്പും കടത്തിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 24-ന് വൈകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍നിന്ന് പുറത്തുപോയ പെണ്‍കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്ന് സുഹൃത്തിന്റേയോ ബന്ധുവിന്റേയോ വീട്ടില്‍ തങ്ങിയിട്ടുണ്ടാവുമെന്ന് കരുതിയെന്ന് കുട്ടിയുടെ വീട്ടുകാര്‍ മൊഴിനല്‍കിയതായി പോലീസ് പറയുന്നു. അടുത്തദിവസവും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളില്‍ തിരക്കിയ ശേഷം ഏപ്രില്‍ 26-ന് രക്ഷിതാക്കള്‍ പരാതി നല്‍കി. തുടര്‍ന്ന്, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മേയ് ഒന്നിന് പ്രതികളിലൊരാളുടെ വിവരം ലഭിക്കുകയും പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അയാളില്‍ നിന്നാണ് മറ്റ് പ്രതികളുടെ വിവരം ലഭിച്ചത്. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാരൂഖിന്റെ ഓട്ടോയില്‍ കയറി. പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഓട്ടോ വിളിച്ച പെണ്‍കുട്ടിയെ അവിടെ ഇറക്കാതെ ഷാരൂഖ് തന്റെ സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ പെണ്‍കുട്ടിയെ ഓഖ്‌ലയിലേക്ക് കൊണ്ടുപോയി, മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി.

രാത്രി മുഴുവനും നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് രണ്ട് ദിവസം പെണ്‍കുട്ടിയുമായി കറങ്ങിയ ശേഷം തിഗ്രി ഭാഗത്ത് പെണ്‍കുട്ടിയെ ഇറക്കി വിടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബെനീറ്റ മേരി ജെയ്കര്‍ പറഞ്ഞു. എന്നാൽ കുട്ടിയെ കണ്ടെത്തിയത് 13 ദിവസങ്ങൾക്കു ശേഷമാണ്. കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്റര്‍ കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ഒരു സ്ത്രീയാണ് കുട്ടിയുടെ വിവരം പോലീസിന് കൈമാറിയത്. പോലീസെത്തുമ്പോള്‍ പെണ്‍കുട്ടി മയക്കുമരുന്നിന്റേ ലഹരിയിലായിരുന്നു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button