കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് യു.എ.പി.എ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഭാര്യ പി.എ ഷൈന. നിയമത്തിനെതിരെ പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരാണ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും പുനഃസ്ഥാപിക്കാനായി പോയിരിക്കുന്നത് എന്നാണ് ഷൈന തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആരോപിച്ചത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചതിൽ ആഹ്ലാദഭരിതരാകുന്നവരുടെ ശ്രദ്ധയ്ക്ക്
യു.എ.പി.എയ്ക്കെതിരെ പ്രഖ്യാപിത നിലപാടുള്ള പാർട്ടികൾ നയിക്കുന്ന സർക്കാരാണ് രണ്ടാം തവണയും സുപ്രീം കോടതിയിൽ രൂപേഷിന്റെ മേലുള്ള യു.എ.പി.എ.യും രാജ്യദ്രോഹക്കുറ്റവും പുന:സ്ഥാപിക്കാനായി പോയിരിക്കുന്നത്. രൂപേഷിനെതിരേയുള്ള യു.എ.പി.എ വകുപ്പുകളും രാജ്യദ്രോഹക്കുറ്റവും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കുകയും അതിനെതിരെ അവ പുന:സ്ഥാപിച്ചു കിട്ടാൻ ഇതേ സർക്കാർ മുമ്പൊരു തവണ സുപ്രീം കോടതിയിൽ പോയതുമാണ്.
ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചാണ് ഈ ഹർജി പരിഗണിക്കേണ്ടിയിരുന്നത് എന്നായിരുന്നു അന്നത്തെ മുഖ്യവാദം. അത് പരിഗണിച്ച് സുപ്രീം കോടതി കേസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലേക്ക് തിരിച്ചയച്ചു. ഡിവിഷൻ ബെഞ്ചും കേസ് കൂലങ്കഷമായി പരിശോധിച്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരി വെച്ചു. ഏതുവിധേനയും ഈ കുറ്റങ്ങൾ പുന:സ്ഥാപിക്കണമെന്ന് പ്രതിജ്ഞാബദ്ധമായ ഇടതു സർക്കാർ ഇപ്പോഴിതാ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. യു.എ.പി.എ – ക്കും രാജ്യദ്രോഹക്കുറ്റത്തിനും വേണ്ടി എത്ര തവണ വേണമെങ്കിലും അവർ സുപ്രീം കോടതിയിൽ പോകും. പണം കൊടുത്ത് കോടികൾ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ വെയ്ക്കുകയും ചെയ്യും. സർക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയെ സംബന്ധിച്ച് ആർക്കും ഒരു സംശയവും വേണ്ട!
രാജ്യദ്രോഹക്കുറ്റത്തിന്റെ ഒരു വകുപ്പ് മരവിപ്പിച്ചാൽ അല്ലെങ്കിൽ എടുത്തുകളഞ്ഞാൽ തന്നെ അതിനേക്കാൾ കർശനമായ ഒരു പ്രത്യേക നിയമത്തിലൂടെ അവർ അതിനെ പുനസ്ഥാപിക്കും. ഈ ഭരണകൂടത്തിന്റെ നിലനിൽപ്പു തന്നെ അടിച്ചമർത്തലിലൂടെയാണെന്ന് അവരേക്കാൾ നന്നായി അറിയുന്നവർ ആരുണ്ട്? ഇനി ആർജവമുള്ളവർ പറയട്ടെ
യു.എ.പി.എ എടുത്തു കളയുക.
Post Your Comments