ന്യൂഡൽഹി: കാശിയിലെ ഗ്യാന്‍വാപി മസ്ജിദിലെ ‘ശുദ്ധി വരുത്താനുള്ള കുളം’ ഒരു വ്യവഹാര വസ്തു ആക്കുന്നതിലൂടെ ആര്‍എസ്എസ് സംഘടനകള്‍ അവരുടെ അടുത്ത ചുവട് വയ്ക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ആരോപണം. ഇന്ത്യയിലെ ജനാധിപത്യവാദികള്‍ സര്‍വ്വശക്തിയും എടുത്ത് ഇതിനെ ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ വര്‍ഗീയവത്ക്കരണത്തില്‍ അടുത്ത അധ്യായം ആരംഭിക്കുകയായിരിക്കും. എം.എ.ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അയോധ്യ ഒരു തുടക്കം മാത്രമാണ്, കാശിയും മഥുരയും ബാക്കിയാണ് (Ayodhya to jhanki hai, Kashi Mathura baki hai”) എന്നായിരുന്നു ബാബറി മസ്ജിദ് പൊളിച്ച ആർഎസ്എസ് സംഘടനകളുടെ മുദ്രാവാക്യം.
ഇന്ന് കാശിയിലെ ഗ്യാൻവാപി മസ്ജിദിലെ ശുദ്ധി വരുത്താനുള്ള കുളം ഒരു വ്യവഹാരവസ്തു ആക്കുന്നതിലൂടെ ആർഎസ്എസ് സംഘടനകൾ അവരുടെ അടുത്ത ചുവട് വയ്ക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യവാദികൾ സർവശക്തിയും എടുത്ത് ഇതിനെ ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ വർഗീയവത്ക്കരണത്തിൽ അടുത്ത അധ്യായം ആരംഭിക്കുകയായിരിക്കും.
വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗദൾ, ഹിന്ദു സേന തുടങ്ങിയ സംഘടനകൾ ഈ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധ ഉണ്ടാക്കാനായി നടത്തിയ പ്രസ്താവനകൾ രാഷ്ട്രം സാധാരണം എന്നു കണ്ടുപോവുകയാണോ? നിയമവാഴ്ച ഉള്ള ഒരു രാജ്യത്ത് ആണെങ്കിൽ സ്പർധ ഉണ്ടാക്കുന്ന ഇവർ ഇന്ന് കൽത്തുറുങ്കിൽ ആയിരുന്നേനെ. പക്ഷേ, ഇന്ത്യയിൽ അവർ ഭരണകൂടം നടത്തിക്കുകയാണ്.
ഇത്തരത്തിലുള്ള തങ്ങളുടെ രാക്ഷസീയമായ വർഗ്ഗീവിദ്ധ്വംസകപദ്ധതികൾക്ക് പിന്നിൽ നിഗൂഢമായ മറ്റുചില കണക്കുകൂട്ടലുകൾ കൂടിയുണ്ട്.
നിയന്ത്രണം വിട്ടുപോകുന്ന വിലക്കയറ്റവും പണപ്പെരുപ്പവും (എക്കാലത്തെയും ഉയർന്ന നിരക്കായ പതിനഞ്ചു ശതമാനത്തിന് മുകളിലാണ് ഇന്ന് പണപ്പെരുപ്പം.) തൊഴിലില്ലായ്മയും ആരുടെയും ശ്രദ്ധയിൽ കഴിയുന്നത്ര വരാതിരിക്കാനും ഈ വർഗീയവേതാളങ്ങളുടെ ചുടലനൃത്തം കൊണ്ട് ആവുന്നുണ്ട്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെ മതങ്ങൾക്കുപരിയായി സംഘടിപ്പിച്ചു മാത്രമേ ഈ വിനാശകാലത്തെ മറികടക്കാൻ നമുക്ക് സാധിക്കുകയുള്ളു. പ്രകോപിതരാവാതെ നിയമവാഴ്ചയ്ക്കും ഭരണഘടനയ്ക്കും ഉള്ളിൽ നിന്നു പ്രവർത്തിക്കാൻ മതന്യൂനപക്ഷങ്ങളും ഇടതുപക്ഷം അടങ്ങുന്ന പുരോഗമന വാദികളും പ്രത്യേക ശ്രദ്ധ നല്കേണ്ട കാലമാണ് ഇത്. സാദ്ധ്യമായത്ര വിശാലമായ പ്രതിരോധ സമരവേദിവളർത്തിയെടുക്കാനും ക്ഷമയോടും കരുതലോടെയും നാമെല്ലാം ശ്രമിക്കേണ്ടതുണ്ട്.
Post Your Comments