അഹമ്മദാബാദ്: ഫാക്ടറിയുടെ മതില്‍ ഇടിഞ്ഞ് വീണ് അപകടം. ദുരന്തത്തില്‍ 12 തൊഴിലാളികള്‍ മരിച്ചു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ(ജിഐഡിസി) ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തൊഴിലാളികള്‍ ഉപ്പ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ദുരന്തത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ‘മോര്‍ബിയില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടം ഹൃദയഭേദകമാണ്. വിഷമം നിറഞ്ഞ ഈ മണിക്കൂറില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെ ഓര്‍ക്കുന്നു. പരിക്കേറ്റവര്‍ക്ക് ഉടന്‍ സുഖംപ്രാപിക്കാന്‍ കഴിയട്ടെ’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം വീതം അനുവദിക്കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായ ധനം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഗുജറാത്ത് മന്ത്രി ബ്രിജേഷ് മെര്‍ജയും അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ സര്‍ക്കാര്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
Post Your Comments