തൃശൂര്‍: ക്രൈസ്തവ മതവിശ്വാസികളായ പെൺകുട്ടികളെ നിരീശ്വരവാദി ഗ്രൂപ്പുകൾ സഭയിൽ നിന്നും അകറ്റി കൊണ്ടുപോകുകയാണെന്നും ഇതുമൂലം സഭ വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വ്യക്തമാക്കി, തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു.
35 വയസ് കഴിഞ്ഞ പതിനയ്യായിരത്തോളം യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുകയാണെന്നും അനേകായിരങ്ങള്‍ വിവാഹമോചനം തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ശത്രുക്കൾ നിരീശ്വരവാദി ഗ്രൂപ്പുകളാണെന്നും ഈ ഗ്രുപ്പുകൾക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വര്‍ക്ക് ഉണ്ടെന്നും ബിഷപ്പ് പറഞ്ഞു. ക്രൈസ്തവസഭകളിലെ വിശ്വാസികളായ പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഇക്കാര്യം ഒരു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും ബിഷപ്പ് വ്യക്തമാക്കി.
‘ഒരു ഗ്രൂപ്പ് ഇവിടെ വളര്‍ന്ന് വന്നിട്ടുണ്ട്. നിരീശ്വരവാദികളുടേത്. വിശ്വാസമില്ലാത്തവരെ ഒരുമിച്ച് കൂട്ടുന്ന ഒരു സംഘം. അതിലേക്ക് വിശ്വാസമുള്ളവരെ വിളിക്കുന്നു. നിങ്ങളുടെ രൂപതയിലെ കുറേയേറെ പെണ്‍കുട്ടികളും അതില്‍ പെട്ടുപോയിട്ടുണ്ട്. ചെറിയ ഗ്രൂപ്പുകളാണ്. പള്ളിയിലേക്കാണ് പോകുന്നത്. പക്ഷെ, ഇങ്ങനെയുള്ള ഗ്രൂപ്പിലെത്തുന്നു. സഭയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകറ്റിക്കൊണ്ടുപോകുന്ന ഒരു പാട് പ്രതിസന്ധികളുള്ള ഈ കാലഘട്ടത്തില്‍ കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാകില്ല’, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ മെത്രാനായ ശേഷം 18 വര്‍ഷത്തിനിടെ അമ്പതിനായിരത്തോളം പേര്‍, സഭയിൽ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments