തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ തീർപ്പാക്കാനുള്ള ഫയലുകൾ നിശ്ചിത സമയത്തിനപ്പുറം ഉദ്യോഗസ്ഥർ കൈവശം വെക്കരുതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത കാട്ടണമെന്നും അധ്യാപക സമൂഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിളിച്ചു ചേർത്ത സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ആദ്യമായാണ് പൊതു വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും ഒരുമിച്ച് യോഗം വിളിച്ചുചേർത്ത് അഭിസംബോധന ചെയ്യുന്നത്.
Post Your Comments