മുംബൈ: ഡി.എൻ.എ പരിശോധന ഫലം വന്നതോടെ പോക്സോ കേസിലെ പ്രതി കുറ്റവിമുക്തനായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 24 കാരനെ കോടതി വെറുതെ വിട്ടു. പോക്സോ കോടതിയുടേതാണ് വിധി. പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ്, ആരോപണ വിധേയനായ യുവാവ് അല്ലെന്ന് തെളിഞ്ഞതോടെയാണ് ഇയാളെ കോടതി വെറുതെ വിട്ടത്. ബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ എടുത്ത കാലതാമസവും ഡി.എന്‍.എ. റിപ്പോര്‍ട്ടും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ കുടുക്കാൻ മനഃപൂർവ്വം ചെയ്ത കേസാകാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി പറഞ്ഞു.
Also Read:ഗതിശക്തി സഞ്ചാർ പോർട്ടൽ: 5ജിക്ക് ഇനി വേഗം കൂടിയേക്കും
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി ഏഴ് മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെൺകുട്ടി ഗർഭിണി ആണെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. എന്നിട്ടും കേസ് നൽകാൻ ഏഴ് മാസമെടുത്തു. പരാതിപ്പെട്ട ശേഷം, തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് പെണ്‍കുട്ടി യുവാവിന്റെ പേര് പറഞ്ഞത്. ഇതോടെ, യുവാവിനെതിരെ പോലീസ് കേസെടുത്തു. പ്രതി ദുബായിൽ ആയിരുന്നതിനാൽ 2017 നവംബറിൽ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
ഇതിനിടയിൽ, അഭയകേന്ദ്രത്തിലേക്ക് മാറ്റിയ പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രതിയുടെയും പെണ്‍കുട്ടിയുടെയും വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമാണെന്ന് കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അമ്മ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടർന്ന്, അറസ്റ്റിലായി ഒരു മാസത്തിന് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിചാരണവേളയിൽ യുവാവ് പറഞ്ഞിരുന്നു.
Post Your Comments