KeralaMollywoodLatest NewsNewsEntertainment

സിനിമയ്ക്ക് ഒച്ച് എന്ന പേരായിരുന്നു കൃത്യം: പുഴുവിനെക്കുറിച്ചു ശങ്കു ടി ദാസ്

അങ്ങേർക്കെന്തോ കാര്യമായ പ്രശ്‌നമുണ്ട്, അത്ര നോർമൽ അല്ല എന്ന് മാത്രമേ ഉറപ്പിച്ചു പറയാൻ ആവൂ.

മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ജാതി രാഷ്ട്രീയം പറയുന്ന ഈ ചിത്രത്തിലെ രാഷ്ട്രീയ അജണ്ടകൾ തുറന്നു കാട്ടി ശങ്കു ടി ദാസ്.

കുറിപ്പ് പൂർണ്ണ രൂപം

കുടിച്ചാൽ കുടുങ്ങിയ പാൽ പായസത്തിന് റിവ്യൂ ആയി “അരി മൊത്തത്തിൽ അടിയിൽ പിടിച്ചിട്ടുണ്ട്. പാലിന് വല്ലാത്ത പുക ചുവയാണ്. മധുരം ഒട്ടുമില്ല. അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ പൂത്തിട്ടുണ്ട്. മൊത്തത്തിൽ പരീക്ഷണം വൻ ദുരന്തമാണ്. വായിൽ വെയ്ക്കാൻ കൊള്ളില്ല. എന്നാലും ഏലക്കായുടെ പാകവും വേവും കൃത്യമാണ്. അതിന്റെ ആ ഫ്ലേവറിന് വേണ്ടി മാത്രം ഒരു ഗ്ലാസ്‌ കൂടി വേണമെങ്കിൽ കുടിയ്ക്കാം.” എന്നെഴുതി വെയ്ക്കുന്നത് പോലെയാണ് ചിലരുടെ പുഴു റിവ്യൂ.

read also: വിമുക്തഭടൻ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍

ഹിന്ദു കുടുംബങ്ങളുടെ ജനാധിപത്യ വിരുദ്ധ ഘടന, ടോക്സിക് പാരന്റിംഗ്, പാട്രിയാർക്കൽ സ്ട്രക്ച്ചർ, സവർണ്ണ ബോധത്തിൽ അന്തർലീനമായ വിവേചനവും വംശീയതയും, ക്രിമിനൽ പൊട്ടൻഷ്യലുള്ള ജാതി ദുരഭിമാനം, അടിച്ചേൽപ്പിക്കപ്പെടുന്ന അന്ധവിശ്വാസങ്ങൾ, ദളിത്‌ വിരുദ്ധതയും അപരവത്കരണവും, ഇന്നസന്റ് മുസ്ലിം വിക്ടിമൈസേഷൻ, ഒപ്രസീവ് ബ്രാഹ്മണിക്കൽ ഓർഡറിനെ നേരിടാൻ ദളിത്‌ – മുസ്ലിം ഐക്യത്തിന്റെ ആവശ്യകത തുടങ്ങിയ സകലമാന പോമോ ലെഫ്റ്റ് മൗദൂദിയൻ നരേറ്റീവുകളെയും ഒറ്റ സ്ക്രിപ്റ്റിനുള്ളിൽ കുത്തിതിരുകി അതിന് യുക്തിയോ പരസ്പര ബന്ധമോ രൂപ ഘടനയോ ഇല്ലാത്തൊരു തട്ടിക്കൂട്ട് തിരക്കഥയുടെ ആവരണത്തിൽ പൊതിഞ്ഞു രണ്ട് മണിക്കൂർ നേരം കൊണ്ട് ഒച്ചിഴയുന്ന വേഗത്തിൽ ഷൂട്ട് ചെയ്ത് വെച്ചാൽ പുഴു ആയി.

കഥയ്ക്ക് സ്വഭാവികതയുടെ ഒഴുക്കോ ക്യാരക്ടറുകൾക്കൊന്നും വ്യക്തമായ ഡീറ്റെയിലിങ്ങോ ഇല്ല. ഒരുപാട് രാഷ്ട്രീയം 115 മിനിറ്റിൽ പറയാനുള്ള തിരക്കിൽ പ്രധാന കഥാപാത്രങ്ങക്ക് പേര് കൊടുക്കാൻ പോലും തിരക്കഥാകൃത്ത് മറന്നു പോയിട്ടുണ്ട്. എറിയ പങ്കും ഒരു കുടുസ്സ് ഫ്ലാറ്റ് മുറിക്കുള്ളിൽ കിടന്ന് കറങ്ങുകയാണ് സിനിമ.
അടുത്ത സീനിലേക്ക് ഒന്ന് കടന്ന് കിട്ടാനോ കഥാഗതിയിൽ എന്തെങ്കിലുമൊരു ബ്രേക്ക്‌ത്രൂ ഉണ്ടാവാനോ പ്രേക്ഷകർ മനസ്സുരുകി പ്രാർത്ഥിച്ചു പോവും.
കടന്നു കിട്ടിയാലോ, വേണ്ടിയിരുന്നില്ലെന്നും ആവും.

അമെച്വർ നാടകങ്ങളേക്കാൾ നാടകീയമാണ് പ്ലോട്ടുകൾ. ഒടുക്കം സിനിമ കണ്ട് കഴിയുമ്പോൾ ദേഹത്ത് കൂടി ഒരു പുഴു അരിച്ചിറങ്ങിയ അസ്വസ്ഥത പ്രേക്ഷകന് തോന്നും എന്നത് കൊണ്ടാവണം അവരതിന് പുഴു എന്ന് പേര് കൊടുത്തത്.
അതല്ലെങ്കിൽ സിനിമക്ക് ഒച്ച് എന്ന് പേരായിരുന്നു കൃത്യം.

read also: കല്യാണപ്പന്തലില്‍ കൂട്ടത്തല്ല്, സ്ഥിതി നിയന്ത്രണവിധേയമാക്കിയത് പോലീസ് : വിവാഹം വേണ്ടെന്ന് വധു

കഥാ സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും ഇല്ലാത്ത ലോജിക് സീനുകളുടെ ലാഗ് കൊണ്ട് പേരിനെങ്കിലും വന്നേനെ അങ്ങനെ ചെയ്‌താൽ. ഇത്രയും ഒവർട്ട് ആയും എന്നാൽ ബോറിങ് ആയും ഇസ്ലാമിസ്റ്റ് പൊളിറ്റിക്കൽ നരേറ്റീവ് പ്രചരിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളൊരു പ്രൊപഗണ്ട സിനിമയാണ് മമ്മൂട്ടിയുടെ അഭിനയ മികവിന്റെ പേരിൽ വേണമെങ്കിൽ ഒന്നൂടി കാണാം എന്നൊക്കെ നമ്മുടെ ആളുകൾ വിലയിരുത്തുന്നത്. എന്താണതിലെ അദ്ദേഹത്തിന്റെ മഹാ അഭിനയം എന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല.

ഓ.സി.ഡി ആണോ പാരനോയിയ ആണോ എന്ന് വ്യക്തമായി വേർതിരിച്ചു പറയാൻ ആവാത്തൊരു മാനസികാവസ്ഥയും തനിക്കോ പ്രേക്ഷകർക്കോ ഉള്ളിലിരിപ്പ് തിരിച്ചറിയാനാവാത്തൊരു അങ്കലാപ്പ് നിറഞ്ഞ മുഖഭാവവുമായി സിനിമയുടെ മുക്കാൽ ഭാഗത്തും വട്ടം തിരിയുകയാണ് മമ്മൂട്ടി. അങ്ങേർക്കെന്തോ കാര്യമായ പ്രശ്‌നമുണ്ട്, അത്ര നോർമൽ അല്ല എന്ന് മാത്രമേ ഉറപ്പിച്ചു പറയാൻ ആവൂ.

ആ പ്രശ്നം സവർണ്ണ ജാതി വെറി ആണെന്ന് പോലും കാഴ്ചക്കാർക്ക് ഉറപ്പിക്കാനാവുന്നത് അണിയറ പ്രവർത്തകരുടെ രാഷ്ട്രീയം നേരത്തെ അറിയുന്നത് കൊണ്ട് മാത്രമാണ്.
അതല്ലാതെ സിനിമ കൊണ്ട് അക്കാര്യം കൺവിൻസിങ് ആയി അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടേയില്ല.അണിയറ പ്രവർത്തകർ എന്ന് പറയുമ്പോൾ തിരക്കഥാകൃത്തായ ഹർഷാദിനെ തന്നെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മുടങ്ങിപ്പോയ വാരിയംകുന്നന്റെയും തിരക്കഥയും മൂപ്പര് തന്നെയാണല്ലോ ചെയ്യാൻ ഇരുന്നത്.

ഹർഷാദ് ശരിക്ക് ചെയ്തതായ ഒരു തിരക്കഥ ആദ്യം കണ്ടത് മമ്മൂട്ടിയുടെ തന്നെ ഉണ്ട എന്ന സിനിമയിലാണ്. നക്സൽ ബാധിത മേഖലയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു പോളിംഗ് ബൂത്തിന് സുരക്ഷ കൊടുക്കാൻ പോകുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥർ ഒടുക്കം തിരഞ്ഞെടുപ്പിനും ജനാധിപത്യ പ്രക്രിയയക്കും യഥാർത്ഥ ഭീഷണി ശുദ്ധ സാധുക്കളും ചൂഷിതരും സർവ്വോപരി ആദിവാസികളുമായ പാവം നക്സലുകൾ അല്ല, ബൂത്ത് പിടിക്കാൻ വരുന്ന ഹിന്ദുത്വ രാഷ്ട്രീയ സംഘടന ആണെന്ന് തിരിച്ചറിയുന്നത് ആയിരുന്നു ആ സിനിമയുടെ കഥ.

അതിലുമുണ്ടായിരുന്നു സൈഡ് ട്രാക്ക് ആയി ഹിന്ദു മതത്തിലെ ജാതി വിവേചനവും, ആദിവാസി അപരവത്കരണവും, അതിനെതിരായ ഉയിർപ്പുമൊക്കെ.
യഥാർത്ഥത്തിൽ ജാതീയത എന്ന ഫോൾട്ട്ലൈനിൽ നിരന്തരമായി അടിച്ചു കൊണ്ട് ബ്രേക്കിങ് ഹിന്ദു അജണ്ട നടപ്പാക്കുന്നതിന് എങ്ങനെ സിനിമ എന്ന സങ്കേതത്തേ ഫലപ്രദമായി ഉപയോഗിക്കാമെന്നതിൽ ഗവേഷണം നടത്തുന്നൊരു വിദഗ്ദനാണ് ജനാബ് ഹർഷാദ്. ആ ഹർഷാദിനാണ് സാമ്പത്തിക ലാഭം ഒന്നും നേടാത്ത ഉണ്ടയ്ക്ക് ശേഷവും ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കാൻ വരെ സമ്മതിച്ചു മമ്മൂട്ടി വീണ്ടും ഡേറ്റ് കൊടുക്കുന്നത്.

ഹിന്ദു ബിംബങ്ങളുള്ള സിനിമകളിൽ അഭിനയിച്ചാൽ പോലും മോഹൻലാൽ സംഘി ആവുന്ന നാട്ടിൽ, ഇസ്ലാമിസ്റ്റുകളുടെ കൂടെ നിരന്തരം കൈകോർത്ത് ഹിന്ദു വിരുദ്ധ സിനിമകൾ തോളേറ്റിയാലും സുഡാപ്പി എന്ന് വിളിക്കപ്പെടാതിരിക്കാനുള്ള മതേതര പുരോഗമന പ്രിവിലേജുള്ള മഹാനടനാണ് ജനാബ് മമ്മൂട്ടി.

ആ ഹർഷാദ് സിനിമ എഴുതുമ്പോൾ വില്ലൻ പൂണൂലിട്ട സന്ധ്യാ നാമം ചൊല്ലുന്ന ബ്രാഹ്മണൻ ആവുന്നതും, നായകർ കഴിവുണ്ടായിട്ടും ജാതിയുടെ പേരിൽ വിവേചനങ്ങൾ നേരിടുന്ന ദളിതൻ + നിരപരാധി ആയിരുന്നിട്ടും തീവ്രവാദ കേസിൽ അകപ്പെട്ടു കുടുംബം തകർന്ന മുസ്ലിമും ആവുന്നതൊരു സ്വഭാവികത മാത്രമാണ്.
നമ്മുടെ സിനിമയും സാഹിത്യവുമൊക്കെ കാലങ്ങളായി സൃഷ്ടിച്ചു വെച്ചിരിക്കുന്ന ഒരു പൊതുബോധമുണ്ട്.

ബ്രാഹ്മണൻ എന്നാൽ പച്ചവെള്ളം ചവച്ചു മാത്രം കുടിക്കുന്ന ദാരിദ്രനും സാധുവുമായൊരു സാത്വികൻ എന്ന്. അതൊക്കെ തകർക്കാൻ ഹർഷാദ് ഒക്കെ അല്ലെങ്കിൽ പിന്നാരാ? അതോണ്ട് ഹർഷാദിന്റെ ബ്രാഹ്മണ വില്ലൻ പോഷ് ഫ്ലാറ്റിൽ താമസിക്കുകയും ഓഡി കാർ ഓടിക്കുകയും കയ്യിൽ സദാ ലോഡഡ് പിസ്റ്റൾ സൂക്ഷിക്കുകയും ജോണി വാൾക്കർ ബ്ലാക്ക് ലേബൽ സ്ക്കോച്ച് കുടിക്കുകയും ചെയ്യും.

അയാൾ തൻകാര്യത്തിനു വേണ്ടി ആരെ വേണമെങ്കിലും ചതിക്കുന്ന, ലാഭത്തിന് വേണ്ടി വിശ്വസിച്ചവരെയും ഒറ്റുകൊടുക്കുന്ന, സ്വന്തം നേട്ടത്തിന് വേണ്ടി കൊല്ലാനും മടിക്കാത്ത ക്രിമിനൽ ആയിരിക്കും സാത്വികതയുടെ മൂടുപടത്തിനുള്ളിൽ.

മലയാളി ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള, അത്താഴ പട്ടിണിക്കാരും നിത്യ വൃത്തിക്ക് നിവൃത്തിയില്ലാത്തവരുമായ, കേരളത്തിലെ മൈക്രോ മൈനോറിറ്റി ആയ നമ്പൂതിരിമാരെ ഇങ്ങനെ വില്ലനൈസ് ചെയ്യുന്നത് പൊളിറ്റിക്കലി ഇൻകറക്ട് അല്ലേ എന്നാരും അയാളോട് ചോദിക്കില്ല. ബ്രാഹ്മണർക്ക് ക്ഷീണമാവാം. അതിലെ വില്ലൻ നമ്പൂതിരി ആയി പകർന്നാടി ദളിതനായ അളിയന്റെയും സ്വന്തം പെങ്ങളുടെയും ദുരഭിമാന കൊല നടത്തിയ മമ്മൂട്ടിയുടെ വൈഭവത്തിന്റെ പേരിൽ ഈ സിനിമ ഒന്നൂടി കാണാം എന്നാണ് നമ്മുടെ ആളുകൾ പറയുന്നത്. എന്താണിവരുടെയൊക്കെ രാഷ്ട്രീയ ബോധം എന്ന് പോലും എനിക്കിത് വരെ മനസിലായിട്ടില്ല.
സവർണ്ണന്റെ ജാതി വെറിയാൽ കൊല ചെയ്യപ്പെടുന്ന ദളിതൻ അവനോട് പ്രതികാരം ചെയ്യാൻ അവന്റെ തന്നെ ഇരയായ മുസ്ലിം യുവാവായി പുനർജ്ജന്മമെടുക്കുന്നതാണ് കഥയുടെ ക്ലൈമാക്സ്‌.

മുൻ പോലീസുകാരൻ ആയ വില്ലൻ ഭീകരവാദ കേസിൽ അന്യായമായി തടങ്കലിൽ തള്ളിയ നിരപരാധിയായ മുസൽമാന്റെ മകനാണ് അവനെ കൊല്ലാൻ തക്ഷകൻ ആയി ഏഴാം കോട്ടയ്ക്കുള്ളിൽ വരുന്നത്. കൊല്ലും മുൻപ് അവൻ പറയുന്ന വാചകം കുട്ടപ്പേട്ടന്റെ നാടകത്തിലെ ഒരു വാചകത്തെ പറ്റിയാണ്.
പിന്നെ കാണിക്കുന്ന കുട്ടപ്പന്റെ ആ നാടക വാചകം “ഇത്‌ പരകായ പ്രവേശം” എന്നുമാണ്. കുട്ടപ്പൻ പരകായ പ്രവേശം ചെയ്തു അക്ബർ ആയി തന്നെ കൊല്ലാൻ വന്നിരിക്കുന്നു എന്ന തിരിച്ചറിവിലാണ് വില്ലൻ കണ്ണടയ്ക്കുന്നത്. അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ്.

ദളിതർ തങ്ങളെ ഇക്കാലമത്രയും അടിച്ചമർത്തിയ ബ്രാഹ്മണിസത്തിന്റെ മർദ്ധക ചൂഷണ വ്യവസ്ഥയോട് പ്രതികാരം ചെയ്യാൻ ഇസ്ലാമിലേക്ക് മതം മാറുക എന്നാണ് അതിന്റെ വ്യാകരണം. നമ്മുടെ നവോത്ഥാനത്തിന്റെ ഒരു പ്രധാന സ്വഭാവം മത പരിവർത്തനങ്ങൾ ആയിരുന്നെന്നും, അധഃസ്ഥിതർ ആയി പരിഗണിക്കപ്പെട്ടിരുന്ന അവർണ്ണ വിഭാഗങ്ങൾ ഇസ്ലാമിലേക്ക് മതം മാറിയതിലൂടെയാണ് അത് സാധ്യമായതെന്നും, അതുകൊണ്ട് മത പരിവർത്തനത്തെ തെറ്റായി കാണേണ്ടതില്ലെന്നും ലേഖനം എഴുതിയത് കെ.ഇ.എൻ. കുഞ്ഞഹമ്മദ് ആയിരുന്നല്ലോ!

അതിന്റെ സിനിമാ ഭാഷ്യമാണ് ഹർഷാദ് ചെയ്തിരിക്കുന്നത്. ഹിന്ദു അവർണ്ണ വിഭാഗങ്ങളോട് ജാതി വിവേചനത്തിന് പകരം വീട്ടാൻ ഇസ്ലാമിലേക്ക് മതം മാറൂ എന്നാണ് അയാൾ പുഴുവിലൂടെ ആഹ്വാനം ചെയ്യുന്നത്. അതിലെ ലീഗൽ കറക്റ്റ്നെസ്സിനെ പറ്റിയൊക്കെ എനിക്ക് വലിയ സംശയങ്ങളുണ്ട്.
സത്യത്തിൽ സിനിമയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് പറ്റി പോലും എനിക്കത്ര ഉറപ്പില്ല.

കാരണം പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള വോക് ആക്റ്റിവിസ്റ്റുകൾ പോലും സിനിമ പൊളിറ്റിക്കലി കറക്റ്റ് ആക്കുന്നതിനെ പറ്റി പറഞ്ഞിരുന്നത് അതിൽ റിഗ്രസീവ്നെസ്സിനെ ഗ്ലോറിഫൈ ചെയ്യാൻ പാടില്ല എന്നായിരുന്നു. സിനിമയിലെ കഥാപത്രങ്ങൾ എല്ലാം നന്മ മരങ്ങൾ ആവണമെന്നില്ല, എന്നാൽ അവരുടെ നെഗറ്റിവിറ്റിയേയും സ്ത്രീ വിരുദ്ധതയും ദളിത്‌ വിരുദ്ധതയും ട്രാൻസ്ജൻഡർ വിരുദ്ധതയും അടക്കമുള്ള തെറ്റായ പൊസിഷനുകളെയും സിനിമ എന്ന മാധ്യമം മഹത്വവൽക്കരിക്കാനും അനുകരണീയമാക്കാനും പാടില്ല എന്നായിരുന്നു.

സീനിന്റെ വിഷ്വൽ ഗ്രാമർ അവർ തെറ്റാണെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന പോലെയാവണം എന്നതായിരുന്നു. എന്നിട്ട് അങ്ങനെയാണോ ഇവർ പുഴു ചെയ്തത് എന്നൊരു ചോദ്യം നിശ്ചയമായും എനിക്കുണ്ട്. കാരണം ആ സിനിമയിൽ മമ്മൂട്ടിയെ പൂർണ്ണമായി വില്ലാനാക്കാൻ ധൈര്യപ്പെട്ടില്ലെന്ന് മാത്രമല്ല, ഒരുപാട് ന്യായീകരണങ്ങളിലൂടെ അയാളുടെ നെഗറ്റിവിറ്റിയെ ഹ്യൂമനൈസ് ചെയ്യാനും അനുഭാവപൂർവ്വം പരിഗണിപ്പിക്കപ്പെടാനും പിന്നണിക്കർ ശ്രമിച്ചിട്ടുണ്ട്.
ഒന്നാമത് അയാളുടെ മനോ നില തന്നെ അവർ അസ്വാഭാവികമാക്കി.

നിരന്തരമായി വധശ്രമങ്ങൾ നേരിടുന്ന ഒരു മനുഷ്യന് സ്വഭാവികമായി ഉണ്ടാവുന്ന സകലതിനോടും ഭയം എന്ന പാരനോയിയെ അയാളുടെ അടിസ്ഥാന ട്രൈറ്റാക്കി.
ഇയാൾ സാധാരണ മനോനിലയിൽ ഇങ്ങനെ ഒരിക്കലും ചെയ്യുമായിരുന്നില്ല എന്ന ന്യായീകരണം അവിടെ തന്നെ ഒരുക്കി. അയാൾ ഒരു മാനസിക പ്രശ്നവും ഇല്ലാത്ത, സ്വാഭാവിക മനോനിലയിൽ കാര്യങ്ങൾ വ്യവഹാരിക്കുന്ന, ജാതി വെറി കൊണ്ട് മാത്രം കൊലപാതകം ചെയ്ത ഒരാൾ ആയി കാണിച്ചാൽ എന്തായിരുന്നു കുഴപ്പം?
സത്യത്തിൽ ഇവരുടെ നരേട്ടീവിനെ കൂടുതൽ ആഴത്തിൽ പുഷ് ചെയ്യുക അതായിരുന്നില്ലേ?

ഭാര്യ മരിക്കും വരെ അയാൾ വളരെ കൂളായ ഒരു കുടുംബസ്ഥൻ ആയിരുന്നെന്ന് രാത്രി പ്ലേ ചെയ്യുന്ന ഒരേ വീഡിയോയിലൂടെ കാണിച്ചു. ഭാര്യയുടെ മരണമാണ് അയാളെ ഇങ്ങനെയൊരു പരുക്കൻ മനുഷ്യനും മോശം പിതാവും ആക്കിയതെന്ന സൂചന കൊടുത്തു. പെങ്ങളോടും അളിയനോടുമുള്ള അയാളുടെ വിരോധത്തിനു അകാരണമായി കുറേ ന്യായങ്ങൾ നിരത്തി. പെങ്ങളെ പൊന്ന് പോലെ സ്നേഹിച്ചിരുന്ന കുടുംബം. പെങ്ങൾ ആരെയും വിലവെയ്ക്കാതെ കണ്ടവന്റെ കൂടെ ഇറങ്ങി പോയപ്പോൾ തകർന്ന കുടുംബം. അന്ന് ഹൃദയാഘാതം വന്ന് ജീവച്ഛവം പോലെ കട്ടിലിൽ കിടന്ന് പോയ അമ്മ. അവളെ കല്യാണം ഉറപ്പിച്ച് കാത്തിരുന്നിട്ട് നിരാശ കൊണ്ട് തൂങ്ങി മരിച്ച കസിൻ. അതൊക്കെ നിരന്തരമായി അയാളെ ഓർമിപ്പിക്കുകയും കുത്തി നോവിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ. അയാളുടെ വെറുപ്പിന് അത്യാവശ്യം ന്യായം ആയില്ലേ?

ലോകത്തോട് മുഴുവൻ മസിൽ പിടിച്ച് ഗൗരവത്തിൽ നിന്നിട്ട് അമ്മയുടെ മുറിയിൽ എത്തുമ്പോൾ മാത്രം അലിഞ്ഞില്ലാതായി പൊട്ടിക്കരയുന്ന മകൻ.
പുനർവിവാഹം പോലും ചെയ്യാതെ മുഴുവൻ ശ്രദ്ധയും കൊടുത്ത് വളർത്തിയ മകന് തന്നെ ഇഷ്ടമല്ലെന്ന് കേൾക്കുമ്പോൾ തകർന്നു പോവുന്ന, അവന്റെ പ്രീതി പിടിച്ചു പറ്റാൻ അവന്റെ ഒപ്പം കിടന്ന് ഫ്രണ്ട്‌ലി ആവാൻ ശ്രമിക്കുന്ന, പൊട്ട തമാശ പറഞ്ഞു അവനെ ചിരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ വഷളായത് കടിച്ചമർത്താൻ ശ്രമിച്ച് വേദന മറയ്ക്കാനായി വിഡ്ഢി ചിരി ചിരിക്കുന്ന അച്ഛൻ.

ഇതൊക്കെ അയാളോട് അനുതാപം സൃഷ്ടിക്കാനും സഹതാപം വളർത്താനുമുള്ള ശ്രമങ്ങൾ ആയിരുന്നില്ലേ? അയാളുടെ ജാതി ബോധത്തെ പോലും ഇവരെങ്ങനെയാണ് വിശ്വാസയോഗ്യമാക്കുന്നത്. ദളിതനെ വിവാഹം ചെയ്തു കുടുംബത്തിൽ നിന്നിറങ്ങി പോയ പെങ്ങൾ ഉണ്ടാക്കി കൊണ്ട് വരുന്ന പായസം രാത്രി ആരും കാണാതെ അയാൾ കുടിക്കുന്നുണ്ട്. അവളുടെ ഭർത്താവിന് അവാർഡ് കിട്ടിയതിന്റെ ആഘോഷത്തിനു നടത്തുന്ന പാർട്ടിയിലേക്ക് മകനേ മാത്രം അയക്കാനെ പറഞ്ഞിട്ടുള്ളുവെങ്കിൽ പോലും കൂടെ അയാളും പോയി അവിടുന്ന് ആഹാരം കഴിക്കുന്നുണ്ട്. അവരെ അയാൾ ആക്രമിക്കുന്നത് പോലും മുൻകൂട്ടി പദ്ധതി തയ്യാറാക്കി ആയുധം കയ്യിൽ കരുതി പോയിട്ടൊന്നുമല്ല.

അവിടെ ഉണ്ടാവുന്ന വർത്തമാനത്തിന്റെ ചൂടിൽ അല്ലെങ്കിൽ തന്നെ പിടിയില്ലാത്ത മനസ്സിന്റെ താളം തെറ്റി അവിടുന്ന് കയ്യിൽ കിട്ടിയ എന്തോ എടുത്തടിക്കുകയാണ്.
അടിച്ച് വീഴ്ത്തിയ പെങ്ങളുടെ അടുത്തിരുന്നു അവളെ തൊട്ടും അവളുടെ പഴയ കാലം ഓർത്തും അയാൾ കരയുകയാണ്. അയാൾ അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും സ്പർ ഓഫ് അ മൊമന്റിൽ അങ്ങനെ പറ്റി പോയെന്നുമാണ് ആ സീനുകളുടെ വിഷ്വൽ ഗ്രാമർ.

അത് കഴിഞ്ഞു വീട്ടിൽ വരുന്ന അയാൾ മകനോട് എന്ന പോലെ പ്രേക്ഷകരെ നോക്കി പറയുന്നത് ഞാൻ അങ്ങനെ ഒരു മോശം മനുഷ്യനൊന്നുമല്ലെന്നാണ്.അതുകേട്ടു അത് വരെ അയാളെ വെറുത്തിരുന്ന മകൻ അയാളെ കെട്ടിപിടിച്ചു പറയുന്നത് അച്ഛനോട് എനിക്കിപ്പോൾ ദേഷ്യമൊന്നും ഇല്ലെന്നുമാണ്. ഇത്‌ ഹ്യൂമനൈസിങ്ങ് ദി ക്രിമിനൽ അല്ലെങ്കിൽ പിന്നെന്താണ് ഇവരീ പറഞ്ഞ ഗ്ലോറിഫിക്കേഷൻ!

ഇവിടെയൊക്കെയും ഇതിൽ ഉടനീളവും മമ്മൂട്ടി എന്ന നടന് വേണ്ടി സിനിമയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ഒതുങ്ങി കൊടുക്കുന്നത് നമുക്ക് കാണാനാവും. ഇതിൽ മമ്മൂട്ടി ദളിത്‌ കഥാപാത്രവും മറ്റൊരാൾ സവർണ്ണ വില്ലനും ആയിരുന്നെങ്കിൽ കഥയിൽ ഇത്രയും വില്ലന്റെ ആന്തരിക സംഘർഷങ്ങൾ ഉണ്ടാവുമായിരുന്നോ എന്ന് ഓർത്തു നോക്കിയാൽ മതി. ഇല്ല. അവിടെ വില്ലൻ ഒരു ന്യായവും അർഹിക്കാത്ത, പൂർണ്ണ ബോധ്യത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന, തികഞ്ഞ ജാതി വെറിയാൽ അന്ധനായ ഒരു കൊടുക്രൂരൻ നമ്പൂരിശ്ശൻ മാത്രമായിരിക്കും.

വില്ലൻ മമ്മൂട്ടി ആയത് കൊണ്ട് മാത്രമാണ് അയാൾക്ക് വേണ്ടി ഇവർക്ക് ബേസിക് നരേട്ടീവിൽ പോലും വിട്ടുവീഴ്ച നടത്തി കേന്ദ്രകഥാപാത്രത്തിന് മനോ സംഘർഷങ്ങളുടെ ലേയറുകൾ സൃഷ്ടിക്കേണ്ടി വന്നത്. കാരണം മമ്മൂട്ടി എന്ന ബാൻഡ് വാഗണിൽ ആണ് ഈ പ്രൊപ്പൊഗണ്ട സിനിമ സഞ്ചാരം ചെയ്യുന്നത്.
അയാളുടെ നായകത്വവും മെഗാസ്റ്റാർ പരിവേഷവും വിപണി മൂല്യവും ഇല്ലെങ്കിൽ ഇങ്ങനെയൊരു പ്രൊജക്റ്റ്‌ ഇല്ല. പുഴു എന്ന ആശയം സാധ്യമാക്കുന്നത് മമ്മൂട്ടിയുടെ ഡേറ്റ് ആണ്. അതോണ്ട് അയാൾക്ക് വേണ്ടിയവർ ആദർശത്തിൽ ചില്ലറ വിട്ടുവീഴ്ച ഒക്കെ ചെയ്യും.

ആ മമ്മൂട്ടിയുടെ അഭിനയ മികവോർത്ത് ഈ സിനിമ ഒരിക്കൽ കൂടി കാണാം എന്നാണ് നിങ്ങൾ പറയുന്നത്. ദേഹത്തേക്ക് ചെളി തെറിപ്പിച്ച് ചീറി പാഞ്ഞു പോയ കാറിനെ നോക്കി ആദരവ് കലർന്ന അത്ഭുതത്തോടെ “ശ്ശൊ.. എന്തൊരു സ്പീഡാണ്!” എന്ന് പറഞ്ഞ കോടിയേറ്റത്തിലെ ഗോപിയെ ആണ് എനിക്കത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്.

ഒരു പുഴു കഥ കൂടി പറഞ്ഞു ഞാനും നിർത്തുകയാണ്.

ഏഴാം നാൾ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്ത തക്ഷകനിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം കടലിനക്കരെ ഏഴ് നിലയുള്ള ഒരു മാളികയിൽ ആണ് പരീക്ഷിത്ത് കഴിയുന്നത്.
അവിടേയ്ക്ക് തക്ഷകൻ എത്തിപ്പെടുന്നത് ആവട്ടെ പഴത്തിനുള്ളിൽ ഒളിഞ്ഞിരുന്ന ഒരു പുഴു ആയിട്ടായിരുന്നു.
പഴം തൊലിയുരിച്ച പരീക്ഷിത്തിന് അതിനുള്ളിലെ പുഴുവിനെ കണ്ടപ്പോൾ ഒരു തമാശ തോന്നി.
പാമ്പ് കൊത്താനുള്ള യോഗം പുഴു കടിച്ച് തീരട്ടെ എന്ന് പറഞ്ഞു അയാൾ അതിനെ ഓമനത്തത്തോടെ എടുത്ത് ശ്രദ്ധാപൂർവ്വം സ്വന്തം കഴുത്തിൽ വെച്ചു.
ആ പുഴുവാണ് അടുത്ത നിമിഷം തക്ഷകനായി വളർന്ന് പരീക്ഷിത്തിനെ കൊത്തിയത്.
ആളറിയാതെ നടത്തുന്ന ആസ്വാദനങ്ങൾ എങ്ങനെ ജീവനെടുക്കുമെന്നതിന് ഒരു പുഴുവാണ് സാക്ഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button