
മലപ്പുറം: പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നു.
അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ അടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍, സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read:രാജ്യത്ത് വൈദ്യുതി ക്ഷാമം തുടരുന്നു
സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് കേസെടുത്തെന്നറിഞ്ഞതോടെ എട്ടിന് ഇയാള്‍ ഒളിവില്‍ പോയി. പൂര്‍വവിദ്യാർത്ഥികളില്‍ നിന്നുതന്നെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസിന്റെ അന്വേഷണം.
30 വർഷത്തെ സർവീസിൽ ശശികുമാർ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. 2019 ൽ ഇയാൾക്കെതിരെ പരാതി ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ട്.
Also Read:കോഴിയെ വെട്ടാമെങ്കിൽ പശുവിനെയും വെട്ടാമെന്ന് നിഖില വിമൽ: പിന്തുണച്ച് സംവിധായകൻ
ശശികുമാർ പലവിധത്തിലും സമൂഹത്തിലും മറ്റു ഉയർന്ന തലങ്ങളിലും വളരെയധികം സ്വാധീനമുള്ള ആളാണ്. ഇതുകൊണ്ടാണ് പലരും ഇയാൾക്കെതിരെ പരാതി പറയാൻ മടിച്ചത്. പരാതി പറഞ്ഞാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ, ശശികുമാറിനെ സംരക്ഷിക്കില്ല എന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം ശശികുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും നഗരസഭ കൗൺസിലർ സ്ഥാനം രാജി വെപ്പിക്കുകയും ചെയ്തു.
ഒമ്പതു വയസ്സു മുതല്‍ 16 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതിയിലുള്ളത്. ഇക്കാര്യം സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതരെ അറിയിച്ചിട്ടും അവര്‍ സംഭവം മൂടിവച്ചുവെന്നുമുള്ള ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments