സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്തുണ്ടായ കാർ അപകടത്തിലായിരുന്നു മരണം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു.
സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.
Post Your Comments