തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും 484 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 212 സാമ്പിളുകൾ പരിശോധനയ്ക്കയച്ചുവെന്ന് വീണാ ജോർജ് അറിയിച്ചു.
ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 419 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 6 സർവയലൻസ് സാമ്പിൾ ശേഖരിച്ചു. 55 കടകൾക്ക് നോട്ടീസ് നൽകി. ഉപയോഗ ശൂന്യമായ 378 പാൽ പാക്കറ്റുകൾ, 43 കിലോഗ്രാം പഴങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചുവെന്ന് മന്ത്രി വിശദമാക്കി.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4372 പരിശോധനകളിൽ 2354 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 93 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 595 സ്ഥാപനങ്ങൾ പരിശോധിച്ചു. 147 സർവയലൻസ് സാമ്പിളുകൾ ശേഖരിച്ചു. 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Read Also: സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധം: ഡി.ജി.പി അനിൽ കാന്ത്
Post Your Comments