ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലഹിന്റെ ശവമടക്കം യെരുശലേമിലെ സിയോൻ മലയിലെ കത്തോലിക്കാ കത്തീഡ്രലിൽ വെച്ച് നടന്നു. ശവമടക്കത്തിൽ പങ്കെടുത്തവരെയും ഇസ്രയേലി പട്ടാളം ആക്രമിച്ചിരുന്നു. ആക്രമണത്തിനെതിരെ എം.എ ബേബി രംഗത്ത്. ലോകത്തെ ഏറ്റവും നിഷ്ഠൂര ഭരണകൂടമായ ഇസ്രയേൽ ശവശരീരത്തോടു പോലും കാണിക്കുന്ന അനാദരവ് സയണിസ്റ്റുകളുടെ തനിനിറം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനിടെയാണ് ഷിറീന്‍ കൊല്ലപ്പെട്ടത്. 1996 ൽ അൽ ജസീറ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഷിറീൻ അൽ ജസീറയിൽ ചേർന്നത്. അതിനുമുമ്പ് വോയ്‌സ് ഓഫ് പലസ്‌തീൻ റേഡിയോ, അമ്മാൻ സാറ്റലൈറ്റ് ചാനൽ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. അൽ ജസീറയിൽ ചേർന്ന ശേഷം പലസ്‌തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾ ലോകത്തെ അറിയിക്കാൻ നിതാന്ത ജാഗ്രതയോടെ ഷിറീൻ ഉണ്ടായിരുന്നു. ധീരയും സ്നേഹസമ്പന്നയുമായ മാധ്യമ പ്രവർത്തകയെന്നാണ് സഹപ്രവർത്തകർ അവരെ അനുസ്‌മരിച്ചത്.
Also Read:എല്ലാവരെയും തീറ്റിപ്പോറ്റുന്ന കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി
രണ്ടായിരമാണ്ടിലെ രണ്ടാം പലസ്‌തീൻ ഇന്റിഫാദ റിപ്പോർട്ട് ചെയ്‌തതിലൂടെയാണ് ഷിറീന്‍ പ്രശസ്‌തയായത്. 2008, 2009, 2012, 2014, 2021 വർഷങ്ങളിൽ നടന്ന അധിനിവേശങ്ങളെ കുറിച്ച് പോരാട്ട ഭൂമിയിൽ നിന്ന് തന്നെ ഷിറീൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് അറബ് ലോകത്ത് ഓരോ വീട്ടിലും പരിചിതയായ മാധ്യമ പ്രവർത്തകയാണ് ഷിറീൻ. ജറുസലേമിൽ ജനിച്ച അവർ, ഇസ്രയേലിന്റെ യുദ്ധക്കൊതിക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെ, പലസ്‌തീൻ ജനതയുടെ അവകാശങ്ങൾക്കു വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ചിരുന്നു.
എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
പലസ്തീൻ പത്രപ്രവർത്തക ഷിറീൻ അബു അക്ലെഹിൻറെ ശവമടക്കം ഇന്ന് യെരുശലേമിലെ സിയോൻ മലയിലെ കത്തോലിക്കാ കത്തീഡ്രലിൽ നടന്നു. ഈ ശവമടക്കത്തിൽ പങ്കെടുക്കുകയായിരുന്നവരെപ്പോലും ഇസ്രയേലി പട്ടാളം ആക്രമിച്ചു. ഷിറീൻറെ ശവപ്പെട്ടി അത് കൊണ്ടു പോവുകയായിരുന്നവരുടെ കയ്യിൽ നിന്ന് ഏതാണ്ട് വീണുപോയി. ലോകത്തെ ഏറ്റവും നിഷ്ഠൂരഭരണകൂടമായ ഇസ്രയേൽ ശവശരീരത്തെത്തോടു പോലും കാണിക്കുന്ന അനാദരവ് സയണിസ്റ്റുകളുടെ തനിനിറം വ്യക്തമാക്കുന്നു. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു പത്രപ്രവർത്തകയെ, അൽ ജസീറയുടെ റമള്ള കറസ്പോണ്ടന്റ് ആയ, അറബ് ലോകത്തെ എല്ലാ വീടുകളിലും ആദരിക്കപ്പെടുന്ന ഷിറീനെപ്പോലെ ഒരാളെ ഒരു സ്നൈപ്പറെക്കൊണ്ട് നേരിട്ട് തലയ്ക്ക് വെടിവച്ചു കൊല്ലണം എങ്കിൽ സയണിസ്റ്റുകൾ പുല്ലുവില പോലും വയ്ക്കുന്നില്ല എന്നത് വളരെ വ്യക്തം. യെരുശലേമിൻറെ ക്രിസ്ത്യൻ മൂലയിൽ ജനിച്ച കത്തോലിക്കാ സമുദായക്കാരിയായ ഷിറീൻ അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെയും പലസ്തീൻ രാഷ്ട്രത്തിന്റെയും ഒരു രക്തസാക്ഷിയാണ് ഷിറീൻ. രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യം.
Post Your Comments