റാസൽഖൈമ: യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും തങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറൽ സുപ്രീം കൗൺസിലിന്റെ ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് യുഎഇ പ്രസിഡന്റിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രംഗത്തെത്തിയിരുന്നു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
Post Your Comments