Latest NewsKerala

ബിവറേജിൽ നിന്ന് മദ്യം വാങ്ങി പോകുന്നവരിൽ നിന്ന് പണവും മദ്യവും ​തട്ടിയെടുക്കുന്ന വ്യാജ എക്സൈസ് ഉദ്യോഗസ്ഥരെ പൊക്കി പോലീസ്

മഗ്ബൂലും ബര്‍ജീസും യുവാക്കളെ തടഞ്ഞുനിര്‍ത്തി എക്സൈസ് സ്ക്വാഡാണെന്നു പറഞ്ഞ് പണവും മദ്യവും തട്ടിയെടുക്കുകയായിരുന്നു

കോഴിക്കോട് : മദ്യഷാപ്പുകളില്‍നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങി പോകുന്നവരെ എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പിന്തുടര്‍ന്ന് പിടികൂടി പണവും മദ്യവും തട്ടിയെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍. ഇക്കഴിഞ്ഞ ഒൻപതാം തീയതി തൊട്ടില്‍പാലത്ത് നരിപ്പറ്റ സ്വദേശിയില്‍നിന്ന് അയ്യായിരം രൂപയും ആറു ലിറ്റര്‍ മദ്യവും തട്ടിയെടുത്ത പരാതിയില്‍ കോഴിക്കോട് പുതിയങ്ങാടി ഫാത്തിമ മന്‍സിലില്‍ മഗ്ബൂല്‍ (51), അത്തോളി ഓങ്ങല്ലൂര്‍ മീത്തല്‍ ബര്‍ജീസ് (35) എന്നിവരെയാണ് തൊട്ടില്‍പാലം എസ്.ഐ സേതുമാധവനും സംഘവും അറസ്റ്റ് ചെയ്തത്.

തൊട്ടില്‍പാലം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷാപ്പില്‍നിന്ന് മദ്യം വാങ്ങി ബൈക്കില്‍ പോകുന്ന ബിജുവിനെയും സുഹൃത്തിനെയും ഇരുവരും എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ബൈക്കുകളിൽ പിന്തുടരുകയായിരുന്നു. വില്‍പനക്ക് കൊണ്ടു പോകുകയല്ലെന്നും കല്യാണത്തിന്റെ ഭാഗമായി വാങ്ങിയതാണെന്നും യുവാക്കള്‍ പറഞ്ഞതോടെ അയ്യായിരം രൂപ തന്നാല്‍ ഒഴിവാക്കിത്തരാമെന്നും പറഞ്ഞു.

ആവശ്യത്തിന് പണം കൈയിലില്ലാത്തതിനാല്‍ ഇതില്‍ ഒരാള്‍ വീട്ടില്‍പോയി പണം സംഘടിപ്പിക്കുകയായിരുന്നു. എന്നാല്‍, അയ്യായിരം രൂപ പിടിച്ചെടുത്ത ശേഷം, മദ്യവും പ്രതികള്‍ കൊണ്ടുപോകുകയായിരുന്നു. ഇവരെ
മഗ്ബൂലും ബര്‍ജീസും തടഞ്ഞുനിര്‍ത്തി എക്സൈസ് സ്ക്വാഡാണെന്നും മദ്യം അളവില്‍ കൂടുതലായതിനാല്‍ നാദാപുരം എക്സൈസ് ഓഫീസിലേക്ക് വരണമെന്നും പറഞ്ഞ് നിര്‍ബന്ധിച്ച്‌ ബൈക്കില്‍ കയറ്റുകയായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു.

സംഭവത്തിനുശേഷം എക്സൈസുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു റെയ്ഡ് നടന്നിട്ടില്ലെന്ന് അറിവായി. തുടർന്ന്, എക്സൈസിന്റെ നിര്‍ദേശ പ്രകാരം, തൊട്ടില്‍പാലം പോലീസില്‍ പരാതി നല്‍കുകയും ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കോഴിക്കോടുനിന്ന് പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button