
നാഗ്പൂർ: മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയ അധ്യാപികയുൾപ്പടെ നാല് പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അധ്യാപികയെ കൂടാതെ രണ്ട് നഴ്‌സുമാര്‍, ബ്രോക്കർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വാർദ്ധക്യകാലത്ത് കൈത്താങ്ങാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപിക മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയത്. എന്നാൽ, മനുഷ്യക്കടത്ത് ആരോപണം ഉന്നയിച്ച് അധ്യാപികയുടെ മകൻ നൽകിയ പരാതിയിലാണ് ഇവരെ അറസ്‌റ്റ് ചെയ്തത്.
ആശുപത്രിയിലെ രണ്ട് നഴ്‌സുമാർ വഴി പരിചയപ്പെട്ട സലാമുള്ള ഖാന്‍ എന്നയാളില്‍ നിന്നാണ് ഏകദേശം മൂന്ന് വർഷം മുന്‍പ് അധ്യാപിക കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞുമൊത്ത് സന്തോഷത്തോടെ കഴിയുമ്പോഴാണ് മകൻ പരാതി നൽകിയത്. അധ്യാപികയുടെ ഇളയ മകന്‍ കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ആത്മഹത്യ ചെയ്‌തിരുന്നു. മനുഷ്യക്കടത്ത് ആരോപിച്ച് പൊലീസിൽ പരാതി നൽകിയ മൂത്തമകൻ മദ്യത്തിന് അടിമയാണ്.
മദ്യപാനിയായ മകന്‍, വാര്‍ദ്ധക്യത്തില്‍ തന്നെ നോക്കില്ലെന്ന് ഉറപ്പായതോടെയാണ് കുഞ്ഞിനെ ദത്തെടുക്കാന്‍ അധ്യാപിക ശ്രമം നടത്തിയത്. ഇതില്‍ പരാജയപ്പെട്ടതോടെ ടെസ്റ്റ് ട്യൂബ് ശിശുവിനായി ഇവർ ശ്രമിച്ചു. അതും ഫലം കാണാതെ വന്നതോടെയാണ് ഇവര്‍ കുഞ്ഞിനെ പണം നല്‍കി വാങ്ങിയത്. ഭർത്താവുമൊത്താണ് അധ്യാപിക താമസിക്കുന്നത്. സലാമുള്ള ഖാൻ സ്‌ത്രീയ്‌ക്ക് വിറ്റ കുഞ്ഞ് അവിവാഹിതയായ അമ്മയുടേതാകാമെന്നാണ് പൊലീസിന്റെ സംശയം. കുഞ്ഞിന്‍റെ അമ്മയ്ക്കായി തെരച്ചിൽ തുടരുകയാണ്.
Post Your Comments