തിരുവനന്തപുരം: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. മതനിരപേക്ഷ മനോഭാവംകൊണ്ട് ശ്രദ്ധേയനായ സായിദ് അൽ നഹ്യാൻ എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ സ്വീകാര്യനായിരുന്നുവെന്നും പിണറായി വിജയൻ അറിയിച്ചു.
യുഎഇയുടെ ആധുനികവത്ക്കരണത്തിൽ അദ്ദേഹത്തിന്റെ നിർണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതിൽ കാണിച്ച ദീർഘദർശിത്വവും ശ്രദ്ധേയമാണ്. ഊഷ്മളവും സൗഹൃദപൂർണവുമായ ബന്ധം ഇന്ത്യൻ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലർത്തിപ്പോന്നു. അങ്ങേയറ്റം ദുഃഖകരമാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments