തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പയെടുക്കാൻ അനുമതി നൽകുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത് കടുത്ത നിബന്ധനകൾ. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ എടുത്ത വായ്പയും ഇത്തവണത്തെ വായ്പാ പരിധിയിൽ നിന്ന് കുറവു ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിന് എടുക്കാവുന്ന വായ്പ നേർ പകുതിയായി കുറയും. ആഭ്യന്തര വരുമാനത്തിൻ്റെ 3.5% ആണ് ഈ സാമ്പത്തിക വർഷം നിശ്ചയിച്ചിരിക്കുന്ന വായ്പാ പരിധി.
എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങൾ, കിഫ്ബി പോലെ പ്രത്യേക ഉദ്ദേശത്തോടെ സ്ഥാപിച്ച കമ്പനികൾ എന്നിവ വഴി വായ്പയെടുത്ത് സംസ്ഥാനങ്ങൾ ഈ വായ്പാ പരിധി മറികടക്കുന്നു എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഇത് ബജറ്റിന് പുറത്തെ കടമെടുപ്പാണ്. അതിനാൽ ഇങ്ങനെയെടുക്കുന്ന വായ്പകളെയും സംസ്ഥാനം എടുത്ത വായ്പയായി കണക്കാക്കും. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ പൊതു മേഖലാ സ്ഥാപനങ്ങൾ വഴി കടമെടുത്ത തുക കൂടി ഈ വർഷത്തെ കടമെടുപ്പിൽ കുറവു ചെയ്യുമെന്നാണ് കേന്ദ്ര നിലപാട്.
ഇതു നടപ്പാക്കിയാൽ കേരളത്തിന് ഈ വർഷം കടമെടുക്കാവുന്ന 32,435 കോടി രൂപയിൽ പകുതി നഷ്ടപ്പെടും. ഈ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തു നൽകിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയം തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം തയ്യാറാക്കിയ സമ്മറി റിപ്പോർട്ടിലാണ് കടുത്ത തീരുമാനങ്ങളുള്ളത്. ഇതിലെ നാഷണൽ പെൻഷൻഫണ്ടിലേക്കുള്ള അടവിനെ ആസ്പദമാക്കിയുള്ള തീരുമാനം മാത്രമാണ് കേരളത്തിന് ആശ്വാസം. NPS ലേക്കുള്ള അടവ് യഥാസമയം നടത്തുന്ന സംസ്ഥാനങ്ങൾക്ക് തുല്യമായ തുക അധികം വായ്പയെടുക്കാമെന്നതാണ് ഈ നിർദ്ദേശം.
Post Your Comments