ഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചുളള സുപ്രീംകോടതി നിലപാട് സ്വാഗതം ചെയ്ത് സിപിഎം പോളിറ്റ്ബ്യൂറോ. 124 എ വകുപ്പിന് കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് എല്ലാ കാലത്തും സിപിഎം എതിരായിരുന്നുവെന്നും പിബി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും ഇത്തരം നിയമങ്ങളുടെ ദുരുപയോഗമാണ് മോദി ഭരണത്തിൽ നടക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
ജഹാംഗീർപുരിയിലും ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിലും നടക്കുന്ന ബുൾഡോസർ രാഷ്ട്രീയം വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുന്നതിനുമുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായാണെന്ന് യെച്ചൂരി പറഞ്ഞു. പോളിറ്റ്ബ്യൂറോ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയ അക്രമ സംഭവങ്ങളിൽ പിബി ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സൗഹാർദ്ദവും നിലനിർത്തുന്നതിനും രംഗത്തിറങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങളോടും സിപിഎം പോളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.
Post Your Comments