കൊച്ചി: പിണറായി വിജയൻ കരുത്തനായ നേതാവാണെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ, മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിടവേയാണ് കെവി തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ നയിക്കാൻ കഴിവുള്ള മുഖ്യമന്ത്രിയാണ് പിണറായി എന്ന്, സിപിഎം പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ പറയുമ്പോൾ താൻ അല്ലെന്ന് പറയണോയെന്നും അദ്ദേഹം ചോദിച്ചു.
‘കേരളത്തിന്‍റെ വികസനത്തിന് അതിവേഗ പദ്ധതികൾ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണയാണ്. പ്രതിസന്ധി മറികടക്കാൻ കരുത്തുള്ളവർക്ക് കഴിയും. ആ കരുത്ത് പിണറായിക്കുണ്ട്. ഉമ്മൻചാണ്ടി വൈറ്റിലയിലും കുണ്ടന്നൂരും കല്ലിട്ടു. പക്ഷേ കല്ലൊന്നും പാലമായില്ല. എന്നാൽ, ആ കല്ലുകളിലെല്ലാം പട്ടി മൂത്രമൊഴിക്കും മുമ്പ് പിണറായി അവിടെ മേൽപ്പാലം പണിതു,’ കെവി തോമസ് പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലം ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ പുനരുദ്ധരിച്ചത് പിണറായി വിജയനാണെന്ന് പറഞ്ഞാൽ, തന്നെ കുറ്റപ്പെടുത്താനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഈ തെരഞ്ഞെടുപ്പിൽ താൻ കൊച്ചിയുടെയും തൃക്കാക്കരയുടെയും വികസനത്തിനൊപ്പമാണെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.
Post Your Comments