തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകൾ തീരുമാനിച്ചത്. രണ്ടാം തവണയാണ് വെടിക്കെട്ട് മാറ്റിവെയ്ക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വൈകുന്നേരം ശക്തമായ മഴ അനുഭവപ്പെട്ടതോടെയാണ് വെടിക്കെട്ട് ഞായറാഴ്ച്ചത്തേക്ക് മാറ്റിവെച്ചത്. ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, ആറു ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മെയ് 12 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മെയ് 13 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും മെയ് 14 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലും മെയ് 15 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Post Your Comments