കമ്മ്യൂണിസ്റ്റ് ആണധികാര ബോധം അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ കെ ആർ ഗൗരിയമ്മ എന്ന പെൺകരുത്ത് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രത്തോളം കോളിളക്കം സൃഷ്ടിച്ച ഒരു വനിത മുൻപ് ഉണ്ടായിട്ടില്ല. തന്നെ മാറ്റിനിർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻപിൽ ഒട്ടും പതറാതെ തനിച്ച് നിന്ന വനിതയാണ് അവർ. ഒരുപക്ഷെ കേരളത്തിലെ അന്നത്തെ സ്ത്രീകൾക്കെല്ലാം കെ ആർ ഗൗരി ഒരു വലിയ ആവേശമായിരുന്നു. ആണധികാരം അടക്കിവാണിരുന്ന രാഷ്ട്രീയ പാർട്ടികളിൽ കെ ആർ ഗൗരി തനിച്ച് നേടിയെടുത്തത് തന്റേതായ ഒരു വലിയ സാമ്രാജ്യം തന്നെയാണ്.
Also Read:ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നല്ല അടിപൊളി മസാലദോശ
സ്ത്രീകൾ ഇങ്ങനെയായിരിക്കണം എന്ന സാമൂഹിക പൊതുബോധത്തിന് മേലുള്ള ആദ്യത്തെ അടി കെ ആർ ഗൗരിയമ്മയുടേതായിരുന്നു. അവർ പതിവ് വാർപ്പ് മാതൃകകൾ എല്ലാം പൊളിച്ചുമാറ്റി. രാഷ്ട്രീയത്തിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് നിന്നാൽ എന്ത് സംഭവിക്കും എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു. അവർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചപ്പോഴൊക്കെ കമ്മ്യൂണിസ്റ്റ് ആണധികാര ബോധത്തിന്റെ അടിത്തറകൾ ഇളകി. ‘കെ ആർ ഗൗരി നയിക്കട്ടെ’ എന്ന് മുപ്പതുകളിൽ ഉറച്ചു വിളിക്കാത്ത ഒരു യുവത്വമുണ്ടോ എന്ന് ചോദിച്ചാൽ അത് വിരളമായിരിക്കും.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതയായിരുന്നു കെ ആർ ഗൗരിയമ്മ. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ ഇടിമിന്നലുകൾ സൃഷ്‌ടിച്ച ഭൂപരിഷ്കരണ നിയമത്തിന്‍റെ അവതാരകയും നടപ്പാക്കിയ അധികാരിയുമായിരുന്നു അവർ. ആണുങ്ങളുടെ കുത്തകയായിരുന്ന കേരള രാഷ്ട്രീയത്തിൽ അഞ്ച് തവണ ഗൗരിയമ്മ മന്ത്രിയായി, 13 തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു. ഒരു സ്ത്രീയ്ക്ക് തൊള്ളായിരത്തി മുപ്പത് കാലഘട്ടങ്ങളിൽ നേടാനാവുന്നതിന്റെ അറ്റം ഗൗരിയമ്മ തൊട്ടു. ഗൗരിയമ്മയുടെ ഓർമ്മകൾക്ക് മരണമില്ല. കാരണം, കേരളത്തിൽ അവരോളം രാഷ്ട്രീയ രംഗത്തു ശോഭിച്ച മറ്റൊരു വനിതയുണ്ടായിട്ടില്ല. അവരോളം ആണാധികാര ബോധത്തോട് മരണം വരെ യുദ്ധം ചെയ്ത മറ്റൊരാളും പിന്നീട് കടന്നുവന്നിട്ടില്ല.
Post Your Comments