മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതിയാണെന്ന വിവരം പുറത്തു വന്നതോടെ, പോലീസുകാർ പോലും ഞെട്ടലിലാണ്. മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ഷൈബിനും സംഘവും അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. മൈസൂർ സ്വദേശിയായ വൈദ്യനെ ഒന്നേക്കാൽ വർഷത്തോളം ഷൈബിന്റെ വീട്ടിൽ ബന്ധിയാക്കി മർദ്ദിച്ച് കൊലപ്പെടുത്തി.
പിന്നീട്, മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഢംബര കാറിൽ കയറ്റി പുലർച്ചെ ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായാണ് പൊലീസിന്റെ കണ്ടെത്തൽ. മൈസൂർ രാജീവ് നഗർ സ്വദേശി ഷാബാ ശെരീഫ് ആണ് കൊല്ലപ്പെട്ടത്. മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി കേരളത്തിൽ മരുന്നു വ്യാപാരം നടത്താനാണ് ഇയാളെ തട്ടികൊണ്ടു വന്നത്. എന്നാൽ, ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാൻ ഷാബാ ശെരീഫ് തയ്യാറായില്ല. തുടർന്ന്, ഷൈബിൻ്റെ വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചു.
ഷൈബിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും, ഇരുമ്പു പൈപ്പു കൊണ്ട് മാംസം അറ്റുപോകുന്ന തരത്തിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബാ ശെരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ഷൈബിനും സഹായികളും ചേർന്ന് മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് തള്ളുകയായിരുന്നു. 2019 ലാണ് ഷാബാ ശെരീഫിനെ ഷൈബിനും സംഘവും തട്ടിക്കൊണ്ട് വന്നത്. ഷാബാ ശെരീഫിനെ കാണാതായതോടെ ബന്ധുക്കൾ മൈസൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് അന്വേഷണം വഴിമുട്ടിയപ്പോളാണ് നിലമ്പൂർ പൊലീസ് ഷാബാ ശെരീഫിൻ്റെ ബന്ധുക്കളെ അന്വേഷിച്ച് ചെല്ലുന്നത്. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഏഴംഗ സംഘം, വീട്ടിൽ കയറി ആക്രമിച്ച് പണവും ലാപ്ടോപ്പും തട്ടിയടുത്തെന്ന് ഷൈബിൻ നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയാണ് നിർണ്ണായക വഴിത്തിരിവായത്.
Post Your Comments