Latest NewsIndia

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു ഗർഭിണിയാക്കി: ഗർഭഛിദ്രത്തിനു ഭീഷണിപ്പെടുത്തി മർദ്ദനം: മന്ത്രിപുത്രനെതിരെ കേസ്

ബോധമുണര്‍ന്നപ്പോള്‍ നഗ്‌നചിത്രങ്ങളും വീഡിയോയും കാണിച്ച്‌ ഭീഷണിപ്പെടുത്തി

ജയ്പൂര്‍: ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി സുഹൃത്തായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നചിത്രം പകര്‍ത്തുകയും ചെയ്ത കേസിൽ മന്ത്രിപുത്രനെതിരെ കേസ്. യുവതിയുടെ പരാതിയിൽ പ്രതിയായ മന്ത്രിയുടെ മകനെതിരെ ഡല്‍ഹി പോലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിക്കെതിരെയാണ് ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുള്ളത്.

ജയ്പൂര്‍ സ്വദേശിനിയായ 23കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം, ജനുവരി 8 മുതല്‍ ഏപ്രില്‍ 17 വരെ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഫെയ്‌സ്ബുക്കിലൂടെയാണ് രോഹിത്തിനെ യുവതി പരിചയപ്പെടുന്നത്. പിന്നീട് ജയ്പുരില്‍വച്ചു കണ്ടുമുട്ടിയെന്ന് യുവതി വ്യക്തമാക്കി. 2021 ജനുവരി 8ന് രാജസ്ഥാനിലെ സവായ് മധോപുരിലേക്കു യുവതിയെ രോഹിത് ക്ഷണിച്ചു. ആദ്യ കൂടിക്കാഴ്ചയില്‍ പാനീയത്തില്‍ ലഹരിമരുന്നു നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചു. ബോധമുണര്‍ന്നപ്പോള്‍ നഗ്‌നചിത്രങ്ങളും വീഡിയോയും കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

ഡല്‍ഹിയില്‍ വെച്ചും രോഹിത് പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇത്തവണ പീഡനം. കരഞ്ഞപ്പോൾ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ നഗ്‌ന വീഡിയോകള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ, യുവതി ജയ്പൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഇയാൾ ഒളിവിൽ പോയെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്. രാജസ്ഥാൻ ഭരിക്കുന്ന പാർട്ടിയുടെ പക്കൽ നിന്ന് നീതി ലഭിക്കാതായതോടെ, ഡൽഹിയിൽ വെച്ച് നടന്ന പീഡനത്തിന്റെ പേരിൽ ആണ്, യുവതി ഡൽഹി പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും, വഴങ്ങാതായതോടെ ക്രൂരമായി മർദ്ദിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഡല്‍ഹി നോര്‍ത്ത് പോലിസ് ബലാത്സംഗം, ലഹരി മരുന്ന് നല്‍കി ചൂഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരം, രാജസ്ഥാന്‍ പോലീസിനെ അറിയിച്ചതായും, കേസില്‍ അന്വേഷണം തുടരുന്നതായും ഡല്‍ഹി പോലീസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button