പാലക്കാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് അർദ്ധരാത്രി കല്ലെറിഞ്ഞ് യാത്രക്കാരന് പരുക്കേല്‍പ്പിച്ചതില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ജാക്കിറിനെയാണ് പാലക്കാട് ആര്‍പിഎഫ് പിടികൂടിയത്. കല്ലെറില്‍ ട്രെയിനിന്റെ ഗ്ലാസ് ഷട്ടറും തകര്‍ന്നു. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് ഓടിക്കൊണ്ടിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെയാണ് രാത്രിയില്‍ കല്ലേറുണ്ടായത്.
പതിനൊന്ന് മണിയോടെ, പാലക്കാട് സ്റ്റേഷനോട് ചേര്‍ന്നായിരുന്നു ആക്രമണം. യാത്രക്കാരന് പരുക്കേല്‍ക്കുകയും ഗ്ലാസ് ഷട്ടര്‍ തകരുകയും ചെയ്തു. പിന്നാലെ, ആര്‍പിഎഫിന് പരാതി ലഭിച്ചു. തുടര്‍ന്ന്, ആര്‍പിഎഫിന്റെ പരിശോധനയിലാണ് മുഹമ്മദ് ജാക്കിറിനെ പിടികൂടിയത്. പാലക്കാട് നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന മറ്റൊരു ട്രെയിനില്‍ കല്ലെറിയാന്‍ ശ്രമിക്കുന്നതായും കണ്ടെത്തി.
ഇതോടെ, ആക്രമണം നടത്തിയത് മുഹമ്മദ് ജാക്കിറെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൗതുകത്തിന് കല്ലെറിയുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. അടുത്തിടെയുണ്ടായ സമാന ആക്രമണങ്ങളില്‍, യുവാവിന് പങ്കുണ്ടോ എന്ന കാര്യം ആര്‍പിഎഫ് പരിശോധിക്കുന്നുണ്ട്. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ സൂരജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Post Your Comments