Latest NewsKerala

‘6 ലോ 7 ലോ പഠിക്കുമ്പോഴാണ് ഉമ്മാനോട് പറ ഒരു തട്ടം തരാൻ, ആത്ത് പൊയ്ക്കോന്നു പറഞ്ഞ് ഒരു കാരണവർ എന്നെ ഓടിച്ചത്’: കുറിപ്പ്

ഈ ഞങ്ങളോട് 'ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം വേറെ എവിടെയോ ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ' എന്നും പറഞ്ഞു വരരുത്.

സ്ത്രീയായതിന്റെ പേരിൽ തനിക്ക് സമുദായത്തിലെ ചിലരിൽ നിന്ന് ഉണ്ടായ തിക്താനുഭവങ്ങൾ പങ്കുവെച്ച് യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അയിഷ എന്ന യുവതിയുടേതാണ് പോസ്റ്റ്. മംഗളൂരുവിൽ ജോലി ചെയ്യവേ തലയിൽ തട്ടമിടാതെ തന്നെ കണ്ട നാട്ടുകാരിൽ ആരോ, അവൾ ഒന്നും ഇടാറില്ല എന്നാണ് നാട്ടിൽ പറഞ്ഞുണ്ടാക്കിയത് എന്ന് യുവതി പറയുന്നു.

അയിഷയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ; ഞങ്ങളുടെ പള്ളിയുടെ പുറത്തു ഒരു ചെറിയ ലൈബ്രറി ഉണ്ട്. അധികവും മത പുസ്തകങ്ങൾ ആണ്. എന്നാലും പള്ളിയിൽ എന്തെങ്കിലും പരിപാടി നടക്കുമ്പോൾ ഞാൻ പോയിരുന്നു കഥകൾ വായിക്കുമായിരുന്നു. ഒരു ദിവസം പള്ളിയിലെ പ്രധാന പുള്ളികൾ എന്നോട് “എന്താ ഇവിടെ? പെണ്ണുങ്ങൾക്ക്ള്ളതല്ല ഇത്. ഉമ്മ എവിടെ?” എന്ന് പറഞ്ഞു എന്നെ ഇറക്കി വിട്ടു.

ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഒരു വിവാഹത്തിന് ഒരു കറുത്ത ടോപ്പും കടും ചുവപ്പ് പാവാടയും ഇട്ടു (എനിക്ക് തന്നെ എന്നോട് ‘ഹൗ സൗന്ദര്യമേ’ എന്ന് തോന്നിയതായിരുന്നു) എന്റെ ആൺകസിൻസിന്റെ കൂടെ കല്യാണവീട്ടിലെ സിറ്റിങ്ങിൽ ഇരുന്നു എന്തോ സീരിയസ് ചർച്ച നടക്കുകയാണ്. അപ്പോൾ ആ വീട്ടിലെ കാരണവർ വരുന്നു, എന്റെ നെഞ്ചത്തേക്ക് നോക്കുന്നു, ആരുടെ മോളാണെന്നു ചോദിക്കുന്നു. ‘ഉമ്മനോട് പറ ഒരു തട്ടം തരാൻ. ആത്ത് പൊയ്ക്കോ’ എന്നും പറഞ്ഞു എന്നെ ‘പെണ്ണുങ്ങളെ സൈഡ്ലേക്ക്’ അയച്ചു.

ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് അഹ്മദിയാ ജമാഅത്തു ആ വർഷം sslc പരീക്ഷക്ക് റാങ്ക് നേടിയ ആദില എന്ന പെൺകുട്ടിക്ക് സ്വീകരണവും ജമാഅത്തിലെ മറ്റു ഡിസ്റ്റിങ്ങ്ഷൻ നേടിയ കുട്ടികൾക്ക് സമ്മാനവും തീരുമാനിക്കുന്നത്. ഒരു തുറന്ന ഹാളിൽ ഒരു ഭാഗത്തു പെൺകുട്ടികളും മറ്റേ ഭാഗത്തു ആൺകുട്ടികളും സ്റ്റേജിൽ റാങ്കുകാരിയും പള്ളിയിലെ പ്രമുഖ പുരുഷന്മാരും. നടുവിലൂടെ കർട്ടൻ വലിക്കാൻ മറന്നു. തല തിരിച്ചാൽ പരസ്പരം കാണാം. ഈ പരിപാടിയുടെ ഫോട്ടോ മേലധികാരികൾ കണ്ടു. നടത്തിപ്പുകാർക്ക് നെരിവട്ടം കേട്ടു. ശേഷം അങ്ങനെയൊരു പരിപാടി നടന്നിട്ടില്ല.

ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് ഇക്കാക്കയുടെ വിവാഹം നടക്കുന്നത്. ഭക്ഷണം കഴിഞ്ഞു കൈ കഴുകുന്ന പൈപ്പുകൾ ഒരു നീണ്ട വരാന്തയിൽ ആണ്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഭക്ഷണ ഹാളുകളിൽ നിന്നും ഇറങ്ങുന്നത് ഈ വരാന്തയിലെക്കാണ്. വീണ്ടും തല തിരിച്ചാൽ സ്ത്രീകൾ കൈ കഴുകുന്നത് കാണാം. വീട്ടിലേക്ക് കാരണം കാണിക്കൽ നോട്ടീസ്.
മംഗ്ളൂരിൽ ജോലി ചെയ്യുമ്പോഴാണ്, ആശുപത്രിയിൽ വന്ന ആരോ എന്നെ കണ്ട കാര്യം വീട്ടിൽ വിളിച്ചു പറയുന്നത് ‘ഓളൊന്നും ഇടാണ്ടാ നടക്കുന്നത്.’ തട്ടം. തട്ടം മാത്രമാണ് ഇടാതിരുന്നത്.

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയത്താണ് മനോരമയിൽ എന്നെ കുറിച്ച് ഒരു ആർട്ടിക്കിൾ വരുന്നത്. എന്റെ ഹിജാബിട്ട ഫോട്ടോ അടക്കം. ‘മരിച്ചാൽ പോലും അന്യപുരുഷന്മാർ കാണാൻ പാടില്ലാത്ത മുഖമാണ്’, ലീഡ് ഇൻവെസ്റ്റിഗേറ്റർ ബിച്ചികോയട്ടി അന്ന് ചോദിച്ചു. മാപ്പെഴുതി കൊടുക്കേണ്ടി വന്നു പത്രത്തിൽ റിപ്പോർട്ട് വന്നതിനു.

എന്റെ ഈ ചില്ലറ anecdotesന്റെ കൂടിയതും കുറഞ്ഞതുമായ anecdoteകളുടെ ഒരു സമ്മേളനമാണ് മിക്ക മുസ്ലിം പെൺകുട്ടികളുടേയു നിത്യജീവിതം.
കല്യാണവീടുകളിലും പള്ളികളിലും കുടുംബസദസ്സുകളിലും മരണവീടുകളിലും ദർസ്സുകളിലും ഇന്നും കൂറകളെ പോലെയാണ് മുസ്ലിം സ്ത്രീകൾ നീങ്ങുന്നത്. ഓരം പറ്റി, ഇരുട്ടിനെ മറയാക്കി, തട്ടം വലിച്ചു ചുറ്റി, നെഞ്ചൊതുക്കി, തല താഴ്ത്തി (പശു നടക്കുന്ന പോലെ നാല് പാടും നോക്കി നടക്കല്ല എന്ന് പറയും) മാറി കൊടുത്തു ജീവിക്കുന്നവർ.

സ്റ്റേജുകളും മിമ്പറകളും മുഖങ്ങളും പോസ്റ്ററുകളും ആശംസാ ഫ്ലെക്സുകളും അഭിപ്രായങ്ങളും പദവികളും നിഷിദ്ധമാക്കപ്പെട്ടവർ.
ഈ ഞങ്ങളോട് ‘ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം വേറെ എവിടെയോ ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ’ എന്നും പറഞ്ഞു വരരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button