ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് ശക്തമാണെങ്കിലും, അത് ആന്ധ്ര പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളുടെ കര പ്രദേശങ്ങളിലേക്ക് വ്യാപിക്കില്ലെന്നും, മറിച്ച് തീരത്തിലൂടെ സമാന്തരമായി പോവുകയേ ഉള്ളെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ചേർന്നു കിടക്കുന്ന ആൻഡമാൻ കടലിലുമായി രൂപം കൊണ്ട ന്യൂനമർദ്ദം, അതിശക്തമാണെന്നും, ഞായറാഴ്ച രാവിലെയോടെ, അത് ശക്തമായ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും എന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു.
ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുന്നത്, ഒഡീഷയിലെ പുരി തീരത്തുനിന്നും തെക്കു കിഴക്കായി ഏകദേശം 1300 കിലോമീറ്റർ ദൂരെയാണ്. ഇത് വടക്കുപടിഞ്ഞാറ് ദിശ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്നും ദുരിതാശ്വാസ വിഭാഗം കമ്മീഷണർ പി.കെ ജെന മാധ്യമങ്ങളോട് വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലും കേന്ദ്ര ദുരന്ത നിവാരണ സേനയും, അഗ്നിശമന സേനാംഗങ്ങളും കനത്ത ജാഗ്രതയിലാണ്.
Post Your Comments