ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാംഗങ്ങളുടെ ശമ്പളത്തിൽ വൻ വർധനവ് വരുത്താനൊരുങ്ങി ആം ആദ്മി സർക്കാർ. ഇതിനുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസ്സാക്കുന്നതോടെ എംഎൽഎമാർക്ക് വൻതോതിലുള്ള ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കേന്ദ്രസർക്കാരിന്റെ അനുമതിയെ തുടർന്നാണ് ഡൽഹിയിലെ എംഎൽഎമാരുടെ ആകെ ശമ്പളം 54,000 രൂപയിൽ നിന്ന് 90,000 രൂപയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതെന്നാണ് ആംആദ്മി പറയുന്നത്.
ഡൽഹി നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ഇതിനുള്ള ബിൽ കൊണ്ടുവരും. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അടിസ്ഥാന ശമ്പളം 12,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്താനും നിയോജക മണ്ഡലം, സെക്രട്ടേറിയൽ, ടെലിഫോൺ, കൺവെയൻസ് അലവൻസുകൾ പരിഷ്കരിക്കാനും കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഡൽഹി സർക്കാർ ഈ നിർദ്ദേശം നിയമസഭയുടെ മുമ്പാകെ അവതരിപ്പിക്കുകയും പാസ്സായിക്കഴിഞ്ഞാൽ അറിയിക്കുകയും വേണം.
നിലവിൽ, ആനുകൂല്യങ്ങൾ ഉൾപ്പെടെ 54,000 രൂപയാണ് എം.എൽ.എ.മാർക്ക് ലഭിച്ചിരുന്നത്. ഇതിന് പുറമേ, രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം നൽകാനായി 30,000 രൂപയും അധികമായി അനുവദിച്ചിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 30,000 രൂപ ശമ്പളവും അലവൻസ് ഇനത്തിൽ 60,000 രൂപയും ലഭിക്കും (മൊത്തം 90,000). 2015ൽ ഡൽഹി നിയമസഭ ഒരു ബിൽ പാസ്സാക്കിയിരുന്നെങ്കിലും മുൻകൂർ അനുമതി നേടാത്തതിനാൽ അസാധുവായിരുന്നു.
‘കഴിഞ്ഞ തവണ, 2011 ൽ ശമ്പളം വർദ്ധിപ്പിച്ചു, 2015 ൽ ഞങ്ങൾ നിർദിഷ്ട വർദ്ധനവ് കേന്ദ്രത്തിന് സമർപ്പിച്ചെങ്കിലും അത് നിരസിച്ചു. 2015 ൽ ഞങ്ങൾ 1,80,000 രൂപ പ്രതീക്ഷിച്ചിരുന്നു. കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത ശമ്പള വർധനവിന് കഴിഞ്ഞ ദിവസം, ഡൽഹി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിന് ലെഫ്. ഗവർണർ ഇന്നലെ അംഗീകാരം നൽകുകയും ചെയ്തു’ -നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Post Your Comments